ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയില്‍
text_fieldsജോണ്സണ്
മരട്: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യം കിട്ടിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂര്‍ കൈതക്കത്തറ വീട്ടില്‍ ജോണ്സണ് (35) ആണ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കോടതിയെയും പൊലീസിനെയും കബളിപ്പിച്ചു നാടുവിട്ടത്.
2019 ഫെബ്രുവരി മൂന്നിന് രാത്രി 8.30 യോടെ മരട് ഇഞ്ചക്കല്‍ ക്ഷേത്രത്തിന് സമീപം തൃപ്പൂണിത്തുറ എരൂര്‍ മട്ടത്തിപ്പറമ്പില് വീട്ടില്‍ ബവാനി റസിഡന്‍സില്‍ ബാലന് ഗോവിന്ദിന്റെ മകന് അനിലിനെ (30) കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മദ്യലഹരിയില്‍ അനിലിനെ സുഹൃത്ത് ജോണ്‍സനാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മരട് ഇഞ്ചക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള അനിലിന്റെ വാടക വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡി.സി.പി സുദര്‍ശനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ളൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

