സാക്ഷിമൊഴികളെ സ്വാധീനിക്കും; അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനക്ക്
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പടുത്തിയ കേസിലെ വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ. വിചാരണ നടക്കുമ്പോൾ മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കോടതിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് സാക്ഷിമൊഴികളെ സ്വാധീനിക്കാനും തങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളായ കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രഹസ്യ വിചാരണ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
കോടതി സമുച്ചയത്തിന് തൊട്ടടുത്താണ് മഹാരാജാസ് കോളജ് എന്നതിനാൽ വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 15 മുതൽ കേസിൽ തുടർച്ചയായി സാക്ഷി വിസ്താരം നടക്കാനിരിക്കുകയാണ്. പ്രതികൾ നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. 26 പ്രതികളുള്ള കേസിൽ എട്ടു വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കൊലയിലും ഗൂഢാലോചനയിലും നേരിട്ടു പങ്കെടുത്ത 16 പ്രതികൾക്കെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. ഇവർക്കെതിരായ വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കുക.
17 മുതൽ 26 വരെ പ്രതികൾക്കെതിരായ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഇവരുടെ വിചാരണ ഈ ഘട്ടത്തിലില്ല. അതേസമയം, ഇവർക്കെതിരായ അന്തിമ റിപ്പോർട്ട് നൽകാത്തതിനാൽ തങ്ങൾക്കെതിരെ നടക്കുന്ന വിചാരണ നീതിയുക്തമല്ലെന്നടക്കം ചൂണ്ടിക്കാട്ടി നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ നൽകിയ ഹരജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കാനുള്ള നിർദേശവും ഹൈകോടതി നൽകിയിട്ടുണ്ട്.
നേരത്തേ, പുതിയതായി ചുമത്തിയ കുറ്റം വായിച്ച് കേൾപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

