മർദനമെന്ന്; റിമാന്‍ഡ് പ്രതി ഗുരുതരാവസ്ഥയിൽ
text_fieldsതിരുവനന്തപുരം: ജില്ല ജയിലിലെ റിമാൻഡ് പ്രതി ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ.പത്തനംതിട്ട സ്വദേശിയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനുമായിരുന്ന എ.കെ. ബിജുവാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ല ജയിലിൽവെച്ച് മർദനമേറ്റെന്ന് ആരോപണമുയർന്നെങ്കിലും അധികൃതർ നിഷേധിച്ചു.
സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് 12ന് ബിജുവിനെ പേരൂർക്കട പൊലീസ് തിരുവല്ലത്തെ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾതന്നെ അവശനിലയിലായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടപടികൾ വേഗത്തിലാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.റിമാൻഡ് ചെയ്യുമ്പോൾ ബിജു മാനസിക പ്രശ്‌നങ്ങൾ കാട്ടി. ചികിത്സ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 12ന് രാത്രി 9.15ന് ജയിലിലെത്തിച്ച ബിജുവിനെ 9.30ഓടെ ജനറൽ ആശുപത്രിയിലെത്തിച്ചെന്നാണ് അധികൃതർ പറയുന്നത്. പിറ്റേന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്‌കാനിങ്ങിൽ തലയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കി.
തലക്ക് ക്ഷതമേറ്റതിനെക്കുറിച്ച് വ്യക്തതയില്ല. ബിജു തിരുവല്ലത്ത് ഓടയിൽ വീണ് കിടക്കുന്നതായും പറയുന്നുണ്ട്. ശേഷമാണ് നാട്ടുകാർ സന്നദ്ധ കേന്ദ്രത്തിലെത്തിച്ചതത്രെ.
ബിജുവിനെ മര്‍ദിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

