'വധശിക്ഷ നല്‍കി സഹായിക്കണം'; കോടതിയില്‍ കരഞ്ഞപേക്ഷിച്ച് പെരിയ കേസിലെ പ്രതി
text_fieldsകൃപേഷ്, ശരത് ലാൽ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കോടതി വിധി പറയുന്നതിനിടെ വധശിക്ഷ നല്‍കി ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് 15ാം പ്രതി വിഷ്ണു സുര. കൊലപാതകത്തിൽ പങ്കില്ലെന്നും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍റെ മുന്നില്‍ കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു പ്രതി.
ഗൂഢാലോചന, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുടുംബ പ്രാരാബ്ധങ്ങളും മറ്റും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്ന് മറ്റ് പ്രതികൾ ആവശ്യപ്പെട്ടു.
ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉദുമ മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.
ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയിൽനിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

