കൊലപാതകശ്രമ കേസിലെ പ്രതി 17 വർഷത്തിനുശേഷം പിടിയിൽ
text_fieldsകോട്ടയം : കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസിനെയാണ് (64) ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2004 ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് നാല് ലക്ഷം രൂപയും 3, 80,000 രൂപയുടെ ചെക്കും കവർച്ച ചെയ്ത കേസില്‍ അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീല്‍ കൊടുത്തതിനു ശേഷം 2006 ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ ഇയാളെ തൃപ്പൂണിത്തുറ പുതിയകാവിലുള്ള പശുഫാമിൽ നിന്നും പിടികൂടുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, തോമസ്, സി.പി.ഓ മാരായ രാജേഷ് കെ.എം, അനു.എസ്, ഷൈൻതമ്പി, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

