ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
text_fieldsചാവക്കാട്: ബിജു വധക്കേസിലെ ഒന്നാം പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് വിയ്യൂര്‍ ജില്ല ജയിലിൽ തടവിൽ കഴിയുന്ന മണത്തല ഐനിപ്പുള്ളി മണികണ്ഠൻ റോഡ് പള്ളിപറമ്പിൽ അനീഷിനെയാണ് (37) ചാവക്കാട് സി.ഐ വി.വി. വിമൽ കാപ്പാ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ സെൻട്രൽ ജയിലിലാക്കിയത്.
ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസിലെ ഒന്നാം പ്രതിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ കൂടിയായിരുന്ന അനീഷ്. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി കെ.എം. ബിജുവിന്‍റെ നേതൃത്വത്തിലാണ് നടപടി. ചാവക്കാട് പ്രിൻസിപ്പൽ എസ്.ഐ എഫ്. ഫയാസ്, പ്രൊബേഷണൽ എസ്.ഐ വിഷ്ണു വി. നായര്‍, സി.പി.ഒമാരായ ഷിഹാബ്, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനുകളിലായി അനീഷിനെതിരെ കൊലപാതകം, സംഘം ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കേസുകളുണ്ട്. ഒരു വര്‍ഷത്തിനിടെ ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ മാത്രമായി പതിനാറാമത്തെ വ്യക്തിക്കെതിരെയാണ് കാപ്പാ നിയമപ്രകാരം നടപടിയെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

