കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
text_fields1. കേസിലെ പ്രതികൾ 2. കൊല്ലപ്പെട്ട വിദേശ വനിത
തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ വനിത ലിഗയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാർ. കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി സനിൽ കുമാർ കണ്ടെത്തിയത്. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കൽ, മയക്കുമരുന്ന് നൽകി ഉപദ്രവിക്കുക, മയക്കുമരുന്ന് നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.
2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തിയ യുവതി കൊല്ലപ്പെട്ടതാണ് കേസിനാധാരം. ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികളും സമീപവാസികളുമായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ചു. തുടർന്ന് കഞ്ചാവ് ബീഡി നൽകിയ ശേഷം പീഡിപ്പിച്ച് വള്ളികൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയെന്നുമാണ് കേസ്.
2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. യുവതി കോവളത്ത് എത്തിയതായി സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായിരുന്നില്ല.
സംശയം തോന്നിയ പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാൽ, ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽകാട്ടിൽ ഉണ്ടെന്ന് പ്രതികൾ പറയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് വേർപെട്ടനിലയിലായിരുന്നു മൃതദേഹം.
സഹോദരിയും സുഹൃത്തും എത്തി വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡി.എൻ.എ പരിശോധനയും നടത്തി. കേസിൽ സാക്ഷിയായ യുവതിയുടെ സഹോദരിയെയും സുഹൃത്തിനെയും വിഡിയോ കോൺഫറൻസിങ്ങിലൂടെ വിസ്തരിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. തുടർന്ന് നിരവധി നിയമപ്പോരാട്ടത്തിന് ശേഷമാണ് കേസിന്‍റെ വിചാരണ നടപടികൾ പൂർത്തിയാക്കി ഇപ്പോൾ വിധി പറയുന്നത്.
104ൽപരം സാക്ഷികൾ കുറ്റപത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും പ്രോസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ കൂറുമാറിയിരുന്നു. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി. കെമിക്കൽ എക്സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്.