വിദ്യാർഥിനിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: ബിരുദ വിദ്യാർഥിനിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് പിടിയിലായ ഇയാളെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വിദ്യാർഥിനിയെ കാണാതാകുകയും വ്യാഴാഴ്ച രാത്രി ചുരത്തിൽനിന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. മയക്കുമരുന്ന് നൽകി കാറിൽ കയറ്റി എറണാകുളം അടക്കം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. പേയിങ് ഗസ്റ്റായി കോളജിന് സമീപത്തു തന്നെയാണ് താമസിച്ചിരുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞാണ് പെൺകുട്ടി പോയത്. തിരിച്ച് ഹോസ്റ്റലിൽ എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടക്കവെയാണ് ചുരത്തിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

