മുട്ടിൽ മരംമുറി തട്ടിപ്പ് കേസിൽ പ്രതികൾ ഹാജരായില്ല; കടുപ്പിച്ച് കോടതി
text_fieldsകൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പു കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാകാതെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ. ഈ മാസം 11ന് ഹാജരാകണമെന്നും അല്ലാത്തപക്ഷം ഓൺലൈനായി ഹാജരാകാനുള്ള ഇളവടക്കം പിൻവലിക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി വ്യക്തമാക്കി.
കേസിൽ കുറ്റപത്രം വായിച്ചു കേൾക്കുന്നതിന് പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, അന്റോ അഗസ്റ്റിൻ എന്നിവർ സെപ്റ്റംബർ ഏഴിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിചാരണ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതിനാലാണ് കക്ഷികൾ എത്താത്തതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അങ്ങനെയെങ്കിൽ ഹൈകോടതി സ്റ്റേ ഉത്തരവ് എവിടെയെന്ന് മജിസ്ട്രേറ്റ് ചോദിച്ചു. തുടർന്നാണ് കോടതി കേസ് 11ലേക്ക് മാറ്റിയത്. അഗസ്റ്റിൻ സഹോദരന്മാരുടെ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. മുമ്പ് ഈ ആവശ്യം ഹൈകോടതിയും തുടർന്ന് മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്ന് മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപനനടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാരിന്റെ പരാതിയിൽ അമ്പലമേട് പൊലീസെടുത്ത കേസാണ് ചോറ്റാനിക്കര കോടതിയിലുള്ളത്. വയനാട്ടിലെ കേസിൽ അന്വേഷണം പൂർത്തിയാകും വരെ ഈ കേസിലെ വിചാരണ തടയണമെന്നാണ് പ്രതികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

