വിശ്വബ്രാഹ്മണ സംഘത്തിന്റെ കണക്കുകൾ രജിസ്ട്രേഷൻ വകുപ്പ് ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: വിശ്വബ്രാഹ്മണ സമൂഹം എന്ന സംഘത്തിന്റെ വരവ് ചെലവ് കണക്കുകൾ രജിസ്ട്രേഷൻ വകുപ്പിലെ ആഭ്യന്തര വിഭാഗം ഓഡിറ്റ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. അതിനുശേഷം സംഘത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ആലപ്പുഴയിലെ ആസ്ഥാന ഓഫിസിലാണ് ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയത്.
1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമ്മിക സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് പ്രകാരം തിരുവനന്തപുരം മണക്കാട് മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് 1985 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. എന്നാൽ 1999 മുതൽ 2013 വരെ രജിസ്ട്രേഷൻ അതാത് വർഷങ്ങളിൽ പുതുക്കിയിരുന്നില്ല. സംഘത്തിന്റെ റിട്ടേൺസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.എം. സുരേഷ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ കേസിന്റെ അന്തിമ വിധിക്ക് അനുസരിച്ച് സംഘത്തിന്റെ വാർഷിക വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. സംഘടനയുടെ രജിസ്ട്രേഷൻ പുതുക്കൽ സംബന്ധിച്ച് ഒട്ടേറെ കൃത്രിമങ്ങൾ നടത്തിയിരിക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.
വിശ്വബ്രാഹ്മണ സമൂഹം കേരള എന്ന സംഘടനയുടെ വരവ് ചെലവുകളുമായി ബന്ധപ്പെട്ട വൗച്ചറുകളും രസീതുകളും ധനകാര്യ പരിശോധനാവിഭാഗത്തിന് ലഭ്യമാക്കാൻ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സംഘടന ലഭ്യമാക്കിയിട്ടില്ല. 1985 മുതൽ 2013 വരെയുള്ള വരവ് ചെലവുകളുടെ വൗച്ചറുകൾ ലഭ്യമല്ലെന്ന് അറിയിച്ചു.
2013 മുതലുള്ള എല്ലാവർഷത്തെയും വാർഷിക പൊതുയോഗത്തിൽ വരവു ചെലവ് കണക്കുകളുടെ അവതരണം അജണ്ടയിൽ ഉൾപ്പെടുത്തി അവതരിപ്പിച്ച് പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചുവെന്ന് മിനിട്സിൽ രേഖപ്പെടുത്തി. എന്നാൽ, ആകെ വരവ് ചെലവുകളുടെ കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ മിനിടിസ്ൽ രേഖപ്പെടുത്തിയട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
2014 മുതൽ 2021 വരെയുള്ള വരവ് ചെലവുകളുടെ കണക്കുമായി ബന്ധപ്പെട്ട വൗച്ചറുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും ലഭ്യമായ വൗച്ചറുകൾ താമസിയാതെ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപാലകൃഷ്ണൻ രേഖാമൂലം ധനകാര്യ പരിശോധനാ വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും വൗച്ചറുകൾ സംഘട ഭാരവാഹികൾ ഹാജരാക്കുകയോ പകർപ്പുകൾ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. ആലപ്പുഴ മുല്ലക്കലിൽ സംഘടനയുടെ അധീനതയിൽ എട്ട് കടമുറികളിൽനിന്ന് വാടക തുക കൃത്യമായി പിരിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നില്ല. വാടകയിനത്തിൽ 6,23,851 രൂപ കുടിശികയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

