പത്തുവര്‍ഷത്തിനിടെ മരിച്ചത് നൂറിലധികം പേർ; കൊല്ലം ബീച്ചിൽ അപകടങ്ങൾ പെരുകുന്നു
text_fieldsകൊല്ലം ബീച്ചിൽ ശക്തമായ തിരമാലയുടെ പശ്ചാത്തലത്തിൻ അപകടകരമായവിധം റീൽസ് ചിത്രീകരിക്കുന്ന വിദ്യാർഥികൾ (ചിത്രം- സി. സുരേഷ് കുമാർ)
കൊല്ലം: ശക്തമായ കടലേറ്റമുണ്ടാകുന്ന കൊല്ലം ബീച്ചിൽ അപകടങ്ങൾ പെരുകുന്നു. കൊല്ലം തീരത്ത് കടൽ കാണാനെത്തിയ വിദേശി വനിത ബുധനാഴ്ച തലനാരിഴക്കാണ് കടലിൽ പെടാതെ രക്ഷപെട്ടത്.
രണ്ടുദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്നെത്തിയ ദമ്പതികൾ തിരയിൽ മുങ്ങിതാണപ്പോൾ മത്സ്യതൊഴിലാളികളാണ് രക്ഷപെടുത്തിയത്. കൊല്ലം ബീച്ച് അപകടരഹിതമാക്കാനുള്ള നടപടികൾ വർഷങ്ങൾ മുമ്പ് ആരംഭിച്ചതാണങ്കിലും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല.
കടല്‍ത്തിരമാലകളില്‍ കാല് നനക്കാനിറങ്ങുന്നവര് മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ തിരയില്‍ അകപ്പെടാന്‍ സാധ്യതയേറെയാണ് ഇവിടെ. അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നൂറിലധികം പേരാണ് മരിച്ചത്. അതിലേറെപേരെ ലൈഫ്ഗാര്‍ഡുകളും മറ്റും രക്ഷപെടുത്തിയിട്ടുണ്ട്.
ബീച്ചിനോട് ചേര്‍ന്ന കടലില്‍ മിക്കസ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടം കെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി കടലില്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍ ഏറെയാണ്.
കൊല്ലം പോര്‍ട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേര്‍ന്ന് നാല് മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ആഴത്തിലുള്ള വലിയ കുഴികളാണുള്ളത്. കൊല്ലം ബീച്ചിലെ പ്രധാന അപകടഭീഷണി തിരമാലകളും ഇത്തരം കുഴികളുമാണ്. ലൈഫ് ഗാർഡുകളുടെ എണ്ണം കുറവാണെന്നും ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
നവീകരണ പ്രവർത്തനങ്ങൾ കാരണം ബീച്ചിന്റെ നീളം വർധിച്ചതിലൂടെ കൂടുതൽ ആളുകൾ കടലിൽ ഇറങ്ങുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.കടലിലെ തിരമാലകളുടെ ശക്തി കുറയ്ക്കാൻ ബീച്ചിന് 200 മീറ്റർ അകലെയായി സിന്തറ്റിക്ക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. ജിയോ ട്യൂബുകൾക്ക് പുറമെ, ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും ആലോചനകൾ നടന്നിരുന്നു. അപകടകരമായ സാഹചര്യത്തിൽ ബീച്ചിൽ ഇറങ്ങുന്നത് തടയാൻ ശ്രമിക്കുന്ന ലൈഫ് ഗാർഡുകളെ അസഭ്യം പറയുന്നവരും നിരവധിയാണ്.
ഇതിനിടെ റീൽസ് ചിത്രീകരണത്തിന് ഉയർന്നുപൊങ്ങുന്ന തിരമാലകളുടെ മുന്നിലെത്തുന്ന ചെറുപ്പക്കാർ പലപ്പോഴും അപകടത്തിൽ പെടാറുണ്ട്. സാഹസികതക്കിടയിൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നവരും നിരവധിയാണ്. രണ്ട് ഷിഫ്റ്റുകളിലായി ഏഴു ലൈഫ് ഗാർഡുകൾ മാത്രമാണ് കൊല്ലം ബീച്ചിലുള്ളത്.
തിരക്കേറുന്ന സമയങ്ങളിൽ എല്ലായിടത്തും ഇവർക്ക് ഓടിയെത്താൻ കഴിയുന്നില്ല. വിസിൽ അല്ലാതെ പ്രവർത്തനയോഗ്യമായ മൈക്ക് പോലും ഇവർക്കില്ല.
തീരം സംരക്ഷിക്കാനും ബീച്ച്കാണാൻ എത്തുന്നവർക്ക് സുരക്ഷിതമായി നിൽക്കാനും തീരദേശ വികസന കോർപറേഷൻ നിരവധി പദ്ധതികളാണ് ഓരോ തവണയും ആസൂത്രണം ചെയ്യുന്നതെങ്കിലും ഒന്നും കാര്യക്ഷമമായി നടപ്പാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

