ബൈക്കിൽനിന്ന് വീണ വീട്ടമ്മ ലോറി കയറി മരിച്ചു
text_fieldsഫറോക്ക്: മകെൻറയും പേരക്കുട്ടിയുടെയും കൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിൽ മറിഞ്ഞുവീണ് ലോറി കയറി മരിച്ചു. കരുവൻതിരുത്തി ചെറുമാട്ടുമ്മൽ കുറ്റൂപാടത്ത് മൊയ്തീൽകോയയുടെ ഭാര്യ ആയിഷബിയാണ് (46) മരിച്ചത്. ഐക്കരപ്പടി പെരുങ്ങടക്കാട് പരേതനായ മുഹമ്മദിെൻറയും ഉക്കൈമയുടെയും മകളാണ്.
ദേശീയ പാതയിൽ ഫറോക്ക് പേട്ട ജുമാ മസ്ജിദിനു മുൻവശത്ത് ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ രക്ത പരിശോധന നടത്തി തിരിച്ച് കരുവൻതിരുത്തിയിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. പേട്ടയിൽ വെച്ച് എതിരെ വന്ന സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സൈക്കിളിൽ തട്ടി മറിഞ്ഞ ബൈക്കിന് പിറകിൽ യാത്ര ചെയ്യുകയായിരുന്ന ആയിശ റോഡിലേക്കും ബൈക്കോടിച്ച മകൻ അബ്ദുൽ വഹാബും മൂത്തമകെൻറ രണ്ടു വയസ്സായ മകൻ മുഹമ്മദ് നാശിംഷായും എതിർ ദിശയിലേക്കും വീഴുകയായിരുന്നു. ഇവരുടെ കൺമുന്നിൽ വെച്ചാണ് തൊട്ടുപിറകിലായി വന്ന ചരക്കുലോറി വീട്ടമ്മയുടെ ശരീരത്തിൽ കയറിയത്. അപകടത്തിൽനിന്ന് ചെറിയ കുട്ടിയും അബ്ദുൽ വഹാബും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മറ്റു മക്കൾ: മുഹമ്മദ് നിസാർ, അബ്ദുൽ വാഹിദ്. മരുമകൾ: ഫാത്തിമത്തുൽ ഫാലിഹ. സഹോദരങ്ങൾ: അവറാൻ കോയ, ബീരാൻ കോയ (ഇരുവരും പുളിക്കൽ), അസീസ്, സെയ്തലവി (ഇരുവരും ഐക്കരപ്പടി), സീനത്ത് ( പുത്തൂർമഠം), പരേതയായ ഫാത്തിമ. മയ്യിത്ത് കരുവൻ തിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
