മരണക്കെണിയൊരുക്കി ദേശീയപാത: ഒറ്റദിവസം തൃശൂരിൽ മരിച്ചത് 11 പേർ
text_fieldsതൃശൂർ: ദേശീയപാത 66 വീതികൂട്ടി പുനർനിർമാണം ആരംഭിച്ച കാലം മുതൽതന്നെ ഉയർന്നുകേട്ട ആരോപണങ്ങൾ ശരിവെക്കുന്നതാണ് വെള്ളിയാഴ്ച തൃശൂർ കയ്പമംഗലത്തുണ്ടായ ഞെട്ടിപ്പിക്കുന്ന ദുരന്തവാർത്ത. ഏഴു വിദ്യാർഥികൾക്കും ഡ്രൈവർക്കുമാണ് അർധരാത്രിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്.
ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ അനധികൃതമായി പാർക്ക് ചെയ്ത ഭീമൻ ലോറിയും വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗതയുമാണ് അപകടം ക്ഷണിച്ചുവരുത്തിയത്. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെന്ന് നേരത്തേ മുതൽ വാർത്തകളുണ്ടായിരുന്നു. കയ്പമംഗലത്തുണ്ടായ എട്ടു മരണമടക്കം വെള്ളിയാഴ്ച മാത്രം ജില്ലയിലെ ദേശീയപാതയിൽ പൊലിഞ്ഞത് 11 ജീവനാണ്.
തൃശൂരിൽതന്നെ കയ്പമംഗലം അപകടം കൂടാതെ കഴിഞ്ഞ ദിവസം മാത്രം ദേശീയപാത അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു. ഇതിൽ രണ്ടു മരണം കയ്പമംഗലം ഭാഗത്തുതന്നെയാണ്. ദേശീയപാത 66 ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ കാറിടിച്ച് മത്സ്യത്തൊഴിലാളിയായ പുതുവീട്ടിൽ അസീസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കയ്പമംഗലം കൊപ്രാക്കളത്ത് ദേശീയപാതയിൽ കാറിടിച്ച് കാൽനടക്കാരനായ രാജേഷ് വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. അകലാട് ഒറ്റയിനിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അബൂബക്കർ എന്ന യുവാവും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരണക്കെണിയൊരുക്കുന്ന അപകടപാതയെ കുറിച്ച് നിരന്തരം വാർത്തകൾ വന്നിട്ടും അധികൃതർ കണ്ടഭാവമില്ല. നിർമാണം ആരംഭിച്ച ശേഷം ഇതിനകം നിരവധി പേരാണ് അപകടങ്ങളിൽ മരണപ്പെട്ടിരിക്കുന്നത്.
ഗുരുതര പരിക്കേറ്റ് മരണത്തോട് മല്ലിട്ട് കഴിയുന്നവരും കുറവല്ല. വേണ്ടത്ര സൈൻ ബോർഡുകളോ അപകട സൂചന ബോർഡുകളോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം. ദേശീയപാത വഴിതിരിച്ചുവിടുന്ന ഭാഗങ്ങളിൽ പലിയിടങ്ങളിലും സൂചനാ ബോർഡുകളില്ല. ഇത് അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
നിർമാണ കമ്പനികളുടെ കെടുകാര്യസ്ഥതയും ദേശീയപാത അതോറിറ്റി അധികൃതരുടെ നിരീക്ഷണം വേണ്ടത്രയില്ലാത്തതുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. നാട്ടികയിലെ വലിയ അപകടത്തെ തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് പരിഹാരം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല എന്നാണ് കഴിഞ്ഞ ദിവസം മാത്രമുണ്ടായ അപകടങ്ങളിൽനിന്ന് മനസ്സിലാകുന്നത്.
സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചതായി എൻ.എച്ച്.എ.ഐ
തിരുവനന്തപുരം: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടം നടന്ന സ്ഥലത്ത് സമഗ്ര സുരക്ഷ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും നേരത്തേതന്നെ സ്ഥാപിച്ചിരുന്നതായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) അറിയിച്ചു. ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലത്തിന് 500 മീറ്റർ, 250 മീറ്റർ, 50 മീറ്റർ മുമ്പായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ ബാരിക്കേഡുകൾ, ട്രാഫിക് കോണുകൾ, പ്രതിഫലന അടയാളങ്ങൾ, നിർമാണ മേഖലക്ക് സമീപം തിളങ്ങുന്ന മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവയും ഒരുക്കിയിരുന്നു.
അപകടത്തിന് തൊട്ടുമുമ്പ് വാഹനം അമിത വേഗതയിൽ സഞ്ചരിച്ചതായും അതിവേഗ ഗതാഗതത്തിനുള്ള പാതയിൽ ട്രക്ക് അനധികൃതമായി പാർക്ക് ചെയ്തതായും പ്രാഥമിക സി.സി ടി.വി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. പൊലീസിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എൻ.എച്ച്.എ.ഐ പ്രോജക്ട് സംഘം സ്ഥലത്തെത്തി അധിക സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുകയും കൂടുതൽ ശക്തമായ ബാരിക്കേഡിങ് ഏർപ്പെടുത്തുകയും ചെയ്തു.
അപകടത്തിന്റെ കൃത്യമായ കാരണവും ഇതലേക്ക് നയിച്ച മറ്റു സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണം പൊലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എൻ.എച്ച്.എ.ഐ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാതകളിൽ, പ്രത്യേകിച്ച് നിർമാണത്തിലിരിക്കുന്ന ഭാഗങ്ങളിൽ വർധിച്ചുവരുന്ന അപകടങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും മുഖ്യമന്ത്രി വി.ഡി. സതീശൻ അതീവ ആശങ്ക അറിയിച്ചു. വിഷയം അടിയന്തരമായി എൻ.എച്ച്.എ.ഐ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും. പൊതുസുരക്ഷക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന. സംസ്ഥാനത്തെ ദേശീയപാത പദ്ധതികളിൽ സമഗ്ര സുരക്ഷ അവലോകനത്തിനും അടിയന്തര തിരുത്തൽ നടപടികൾക്കും ഉയർന്ന മുൻഗണന നൽകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

