നാലാംനിലയിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് ഹൈകോടതി അഭിഭാഷകയുടെ ഇടപെടലിലൂടെ
text_fieldsകൊച്ചി: നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിെൻറ നാലാം നിലയിൽനിന്ന് വീണ് ജീവനുവേണ്ടി പിടഞ്ഞയാൾക്ക് മുന്നിൽ കാഴ്ചക്കാരായി ജനക്കൂട്ടം. തൃശൂർ ഡിവൈൻ നഗർ സ്വദേശി സജി ആൻറോക്കാണ് (47) വീഴ്ചയിൽ ഗുരുതര പരിക്കേറ്റത്. ഏറെനേരം റോഡരികിൽ കിടന്ന ഇദ്ദേഹത്തെ വഴിയാത്രക്കാരിയായ രഞ്ജിനിയെന്ന ഹൈകോടതി അഭിഭാഷകയുടെ ഇടപെടലിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
പദ്മ ജങ്ഷനിലെ സ്വകാര്യ ഹോട്ടലിെൻറ നാലാം നിലയിൽനിന്ന് ശനിയാഴ്ച വൈകീട്ട് 6.40ഓടെ ചുഴലിരോഗത്തെത്തുടർന്നാണ് സജി വീണതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് മുകളിൽ തട്ടിയാണ് നടപ്പാതയിലേക്ക് പതിച്ചത്. ഇൗ സമയം നിരവധി പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ചിലർ എത്തിനോക്കിയശേഷം സ്ഥലം വിട്ടു. മറ്റുചിലർ ഒന്നും സംഭവിക്കാത്തപോലെ നടന്നുനീങ്ങി. മറ്റ് ചിലർ കാഴ്ചക്കാരായി നിന്നു. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടക്കം വാഹനങ്ങൾ സ്ഥലത്തുനിന്ന് നീക്കിയ ശേഷം ഡ്രൈവർ കാഴ്ചക്കാരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം സ്ഥലത്തെത്തിയ രഞ്ജിനി അവിടെയുണ്ടായിരുന്നവരോട് സജിയെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചെങ്കിലും ആദ്യം ആരും ഗൗനിച്ചില്ല. തുടർന്ന് അതുവഴി വന്ന ഒരു കാർ രഞ്ജിനി തടഞ്ഞുനിർത്തി. സ്ഥലത്തുണ്ടായിരുന്ന ചിലർ ഇൗ സമയം സഹായവുമായെത്തി. സജിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജനുവരി 12 മുതൽ ഈ ഹോട്ടലിൽ താമസിക്കുന്ന സജി ജോലി അന്വേഷിച്ചാണ് കൊച്ചിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
