നിലമേൽ അപകടം; മരണത്തിലും തണലായി ദേവപ്രയാഗ്
text_fieldsദേവ പ്രയാഗ്
മെഡിക്കൽ കോളജ്: നിലമേലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിന്റെ അവയവങ്ങൾ ദാനം ചെയ്തു. തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ദേവപ്രയാഗിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക, കരൾ, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കുമാണ് നൽകിയത്. ആരോഗ്യ മന്ത്രി വീണ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവഗുരുതരവാസ്ഥയിലായിരുന്നു. മൂന്നുപേരെയും ഉടൻ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

