ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രോഗി അടക്കം നാലുപേർ മരിച്ചു
text_fieldsകുന്നിക്കോട്: ആശുപത്രിയിലേക്ക് പോയ ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രോഗിയും ബന്ധുക്കളുമടക്കം നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്കേറ്റു. രോഗിയായ പത്തനാപുരം കടയ്ക്കാമൺ സുധീർ മൻസിലിൽ പരേതനായ ഹനീഫയുടെ ഭാര്യ ഫാത്തിമബീവി (80), ഇവരുടെ ചെറുമകൻ കുണ്ടയം മലങ്കാവ് ലക്ഷംവീട്ടിൽ മുഹമ്മദ് ഷരീഫ് (30), ഷെരീഫിെൻറ സഹോദരി ഇടത്തറ സ്വദേശിനി സബീന (35), ആംബുലൻസ് ൈഡ്രവർ പത്തനാപുരം പിടവൂർ പുല്ലാഞ്ഞിമൂട്ടിൽ വീട്ടിൽ സുബിൻകോശി (32) എന്നിവരാണ് മരിച്ചത്.
ഫാത്തിമബീവിയുടെ മകളും മരിച്ച ഷെരീഫിെൻറയും സബീനയുടെയും പിതൃസഹോദരിയുമായ ഹാജിറബീവിക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിലാണ് അപകടം. തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഫാത്തിമബീവിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ആംബുലൻസ് ഇറക്കമിറങ്ങി വന്ന ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അംബുലൻസിൽനിന്ന് ആളുകളെ പുറത്തെത്തിച്ചത്.

ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ആംബുലൻസിൽ കുടുങ്ങിയ യാത്രക്കാരെ വാഹനംപൊളിച്ചാണ് പുറത്തെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമബീവി, ഷെരീഫ്, സുബിൻകോശി എന്നിവരെ രക്ഷിക്കാനായില്ല. സബീന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. തോമസ് കോശി-എലിസബത്ത് ദമ്പതികളുടെ മകനാണ് സുബിൻ കോശി. സഹോദരി സൂസൻ. പരേതനായ ഷാജഹാൻ-സുൽഫത്ത് ദമ്പതികളുടെ മക്കളാണ് മരിച്ച ഷെരീഫും സബീനയും. റജീനയാണ് ഷെരീഫിെൻറ ഭാര്യ. റഹിയാൻ, ഫാത്തിമ എന്നിവർ മക്കളാണ്. ഷംനാദാണ് സബീനയുടെ ഭർത്താവ്. മകൻ: ഷാഹിദ്. ഫാത്തിമ ബീവിയുടെ മറ്റ് മക്കൾ: സലിം, അബ്ദുൽ കരീം, ഹാജിറ. ഫാത്തിമബീവിയുടെയും ഷെരീഫിെൻറയും ഖബറടക്കം മഞ്ചള്ളൂർ കുണ്ടയം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
