നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsതൃശൂർ: നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂർ അടക്ക മാർക്കറ്റിന് മുൻവശം താമസിക്കുന്ന മേച്ചിനാത്ത് മുഹമ്മദിെൻറ മകന് നിസാറാണ് (27) മരിച്ചത്. കാറോടിച്ചിരുന്ന സുഹൃത്ത് പെരിന്തല്‍മണ്ണ സ്വദേശി കെ.പി വീട്ടില്‍ അബൂബക്കറുടെ മകന് ഷിഹാബാണ് (27) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
പുലര്‍ച്ചെ മൂന്നിനാണ് തൃശൂർ-കുന്നംകുളം റോഡില്‍ പുഴയ്ക്കല്‍ പാടത്ത് പാലത്തിനടുത്ത് അപകടമുണ്ടായത്. സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് മടങ്ങുകയായിരുന്നു ഇവർ. കാര്‍ വെള്ളത്തില്‍ വീണ ശബ്ദം കേട്ട് സമീപത്തെ എ.ടി.എമ്മിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. പേരാമംഗലം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വെള്ളത്തില്‍ മുങ്ങിയ കാറില്‍നിന്ന് ഇരുവരെയും രക്ഷപ്പെടുത്തി.
കാര്‍ വെള്ളത്തില്‍ തല കീഴായാണ് കിടന്നിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാൽ നിസാറിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാറിെൻറ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എതിരെ വന്ന വാഹനത്തിെൻറ വെളിച്ചം കണ്ണിലേക്കടിച്ചതാണ് നിയന്ത്രണം വിട്ടതിന് കാരണമെന്നാണ് ഷിഹാബ് പൊലീസിന് നൽകിയ മൊഴി. എയർടെൽ ഒാഫിസിൽ ജോലി ചെയ്തിരുന്ന നിസാർ കുറച്ചു മാസം വിദേശത്തായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ ചങ്ങരംകുളം പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്. ഖദീജ. സഹോദരങ്ങൾ: നവാസ്, നൗഫൽ, നൗഷാദ്.

അപകടക്കെണിയായി പുഴക്കൽ ശോഭാസിറ്റി പരിസരം
തൃശൂർ ജില്ലയിലെ ഗതാഗതക്കുരുക്കിെൻറ തലസ്ഥാനം എന്ന് കുപ്രസിദ്ധിയാർജിച്ച പുഴക്കൽ ശോഭ സിറ്റി പ്രദേശത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചതോടെ കൊലക്കളവുമായി. പൂങ്കുന്നത്തുനിന്നുള്ള റോഡിന് നല്ല വീതിയുണ്ടെങ്കിലും ശോഭാസിറ്റിക്ക് മുന്നിൽ നന്നേ വീതി കുറവ്. ഇവിടെയുള്ള പാലം പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
പകൽ ശോഭസിറ്റിയിലേക്ക് പെട്ടെന്ന് കടക്കാനുള്ള വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നതെങ്കിൽ രാത്രി എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റാണ് അപകടകാരിയാവുന്നത്. തൃശൂരിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ശോഭാസിറ്റിക്ക് മുന്നിൽ വെട്ടിച്ചൊഴിയാൻ കഴിഞ്ഞില്ലെങ്കിൽ നേരെ ചെന്ന് പഴയ പാലം തകർന്ന ഭാഗത്ത് നിർമിച്ച മതിലിൽ ഇടിക്കും, വെട്ടിച്ചൊഴിഞ്ഞാൽ എതിരെ വരുന്ന വാഹനത്തിനോ, അല്ലെങ്കിൽ ശോഭാസിറ്റിക്ക് വശത്തുള്ള പുഴയിലേക്കോ മറിയും. ഇടുങ്ങിയ പാലത്തിെൻറ ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ളതിനാൽ ഈ കുഴിയിൽ ചാടിയും നിരന്തരം അപകടമുണ്ടാവുന്നു. ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും പലപ്പോഴും ഇവരും നിസ്സഹായരാവും.
ഇവിടെ പ്രത്യേകം മേൽപാലമൊരുക്കുകയും, പുതിയ പാലം പണിത് റോഡ് വീതി കൂട്ടുകയും ചെയ്താലേ കുരുക്ക് അഴിയൂ. തകർന്ന പാലത്തിന് പകരമായി, പുതുക്കിയ പാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും ഇവിടെ പഴയ പാലത്തിെൻറ അവശിഷ്ടങ്ങൾ നീക്കി അളവെടുപ്പ് പൂർത്തിയാക്കിയതോടെ പണി പാതിയിൽ നിന്നു. കുരുക്കഴിക്കാൻ പൊലീസിെൻറ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. തിരക്കേറിയ സമയത്ത് ശോഭാസിറ്റി പ്രദേശത്ത് ഏഴും എട്ടും പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇവിടെ പുതിയ പാലം വന്നാലും റോഡിെൻറ അശാസ്ത്രീയത പരിഹരിക്കാതെ അപകടമൊഴിയില്ല.
കാർ പുഴയിൽ വീണ് യുവാവ് മരിച്ചതിൽ സീറ്റ് ബെൽറ്റും വില്ലനായെന്നതാണ് മറ്റൊരു കാര്യം. പുഴയിലേക്ക് വീണ കാറിൽ നിന്നും സീറ്റ് ബെൽറ്റ് ഇല്ലാതിരുന്ന ഡ്രൈവർ കൂടിയായ യുവാവ് രക്ഷപ്പെട്ടപ്പോൾ, സീറ്റ് ബെൽറ്റിട്ട് ഗതാഗത നിയമം പാലിച്ച് യാത്ര ചെയ്തിരുന്ന നിസാറിനെയാണ് മരണം തട്ടിയെടുത്തത്. അപകടം കൺമുന്നിൽ കണ്ട എ.ടി.എമ്മിലെ സുരക്ഷാ ജീവനക്കാരൻ രാഹുലും അപകടത്തിെൻറ ഞെട്ടലിലാണ്. പൊലീസിനും രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമനസേനയും ശോഭാസിറ്റിയിലെ അപകടക്കുരുക്കിനെ കുറിച്ച് മാത്രമേ പറയാനുള്ളൂ. അടിയന്തര നടപടികളിലേക്ക് കടന്നില്ലെങ്കിൽ ഇനിയും അപകടങ്ങളും മരണങ്ങളും ശോഭാസിറ്റി ജങ്ഷനിൽ പതിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
