സ്കൂൾ കുട്ടികൾക്ക് അപകട ഇന്‍ഷുറന്‍സ് ഈ മാസം- മന്ത്രി ശിവന്‍കുട്ടി
text_fieldsകോട്ടയം: ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ 43 ലക്ഷം കുട്ടികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി ഈ മാസം തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഭിന്നശേഷി നിയമനം സംബന്ധിച്ച അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമം സര്‍ക്കാര്‍ തുടരുകയാണ്. തസ്തിക നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അധ്യാപകരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ടെറ്റ് യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വിഷയത്തിലെ പ്രശ്നപരിഹാര ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ 35ാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കലാ-കായിക-പ്രവൃത്തിപരിചയ മേഖലക്കു കൂടി പാഠപുസ്തക പരിഷ്കരണങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്‍കി. പാഠപുസ്തകങ്ങളിലെ മതനിരപേക്ഷ ഉള്ളടക്കം എന്‍.സി.ഇ.ആര്‍.ടിയെ ഉപയോഗിച്ച് നിരന്തരം വെട്ടിനിരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഈ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ മതനിരപേക്ഷ ഉള്ളടക്കമുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് കേരളം പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇത് രാജ്യത്തിനുള്ള കേരളത്തിന്‍റെ ബദലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ.എ. ഷാഫി സ്വാഗതവും ട്രഷറര്‍ എ.കെ. ബീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

