യുവതിയെ ഇംപ്രസ് ചെയ്യാൻ സിനിമാസ്റ്റൈലിൽ അപകടം; രക്ഷകനായെത്തിയ യുവാവും സുഹൃത്തും വധശ്രമത്തിന് പിടിയിൽ
text_fieldsപത്തനംതിട്ട: യുവതിയെ ഇംപ്രസ് ചെയ്യാൻ സിനിമാസ്റ്റൈൽ പദ്ധതിയുമായി ഇറങ്ങിയ യുവാവും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. സ്കൂട്ടറിൽ പോയ യുവതിയെ കാറിടിപ്പിച്ച് വീഴ്‌ത്തിയിട്ട ശേഷം രക്ഷകനായെത്തിയ യുവാവും സുഹൃത്തുമാണ് വധശ്രമത്തിന് പൊലീസിന്‍റെ പിടിയിലായത്.
കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പറയുന്നത് പ്രകാരം രഞ്ജിത്തും യുവതിയും പ്രണയത്തിലായിരുന്നു. ഇടക്ക് വെച്ച് ഇരുവരും തമ്മിൽ പിണങ്ങി. വീണ്ടും രമ്യതയിലെത്താൻ രഞ്ജിത്ത് കണ്ടെത്തിയ വഴിയായിരുന്നു അപകടം. സുഹൃത്ത് അജാസിനോടാലോചിച്ച് യുവതിയെ കാർ ഇടിപ്പിക്കാനുള്ള പദ്ധതി തയാറാക്കി നടപ്പിലാക്കുകയായിരുന്നു.
ഡിസംബർ 23നാണ് സംഭവം നടന്നത്. വൈകീട്ട് 5.30ന് കോച്ചിങ് ക്ലാസ് കഴിഞ്ഞ് അടൂരിൽനിന്ന് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ, രഞ്ജിത്തിന്റെ നിർദേശപ്രകാരം കാറിൽ പിന്തുടർന്ന അജാസ് വാഴമുട്ടം ഈസ്റ്റിൽവെച്ച് ഇടിച്ചുവീഴ്ത്തി. പിന്നീട് കാർ നിർത്താതെപോയി.
മുൻധാരണ പ്രകാരം തൊട്ടുപിന്നാലെ മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷകനായി. യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരോട് പറഞ്ഞ ശേഷം കാറിൽ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും ചെറുവിരൽ പൊട്ടുകയും ദേഹമാകെ മുറിയുകയും ചെയ്തിരുന്നു.
വാഹനാപകടക്കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പൊലീസിനുണ്ടായ സംശയത്തെ തുടർന്നാണ് സിനിമാസ്റ്റൈൽ അപകടത്തിന്‍റെ പദ്ധതി മുഴുവൻ പാളിയത്. അപകടം നടന്നയുടന്‍ തന്നെ രഞ്ജിത് സ്ഥലത്തെത്തിയതും പൊലീസിന് സംശയത്തിന് ഇടയാക്കിയിരുന്നു. ഇടിച്ചിട്ട് നിർത്താതെപോയ കാർ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ച അജാസിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. യുവതി തന്റെ ഭാര്യയാണെന്ന് രഞ്ജിത്ത് ആളുകളോട് പറഞ്ഞതും സംശയത്തിനിടയാക്കി.
ഇരുവരും കൊട്ടാരക്കര സബ് ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

