സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു
text_fieldsതൊടുപുഴ: സംസ്ഥാനത്ത് ഷോക്കേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെ 241 മനുഷ്യജീവനാണ് വൈദ്യുതാഘാതമേറ്റ് ഇല്ലാതായത്. 140 പേര്‍ക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റേതാണ് ഈ ‘ഷോക്കടിപ്പിക്കുന്ന’ കണക്കുകൾ. കൂടുതൽപേർ മരിച്ചത് പാലക്കാട് ജില്ലയിലാണ് -32 പേർ. അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലികളില്നിന്ന് ഷോക്കേറ്റ് 24 പേര് ഇക്കാലയളവിൽ മരിച്ചു.
ഉപഭോക്താക്കളുടെ സ്വന്തം വീടുകളിലും പരിസരങ്ങളിലുമായി 126 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗാര്‍ഹിക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് 14 പേരുടെ ജീവൻ പൊലിഞ്ഞു. ഇലക്ട്രിക് വയറുകളുമായോ ഉപകരണങ്ങളുമായോ അബദ്ധത്തില്‍ സമ്പര്‍ക്കത്തില്‍ വന്നതാണ് ഈ അപകടങ്ങൾക്ക് കാരണം. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥിരംജീവനക്കാരും അല്ലാത്തവരുമായി 19 പേരും മരിച്ചു. സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നതിൽ വേണ്ടത്ര അവബോധമില്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
വൈദ്യുതിവേലി സ്ഥാപിക്കുമ്പോൾ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകളും അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ് ഏണി ഉപയോഗിക്കുന്നതിനെത്തുടർന്നുള്ള അപകടങ്ങളും വർധിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 22 പേരാണ് ഒരുവർഷത്തിനിടെ ഇത്തരത്തിൽ മരിച്ചത്. ഷോക്കേറ്റ് മരിച്ച മൃഗങ്ങളുടെ എണ്ണം 73 ആണ്. അനധികൃത വൈദ്യുതി വേലികളാണ് മൃഗങ്ങള്‍ക്ക് പ്രധാനമായും വില്ലനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

