കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് പിതാവും രണ്ടു മക്കളും മരിച്ചു
text_fieldsഫറോക്ക്: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ചെറുവണ്ണൂർ വില്ലേജ് ഓഫിസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുൻവശത്തുണ്ടായ അപകടത്തിൽ നല്ലളം ചാലാറ്റി പാരാത്ത് മുല്ലവീട്ടിൽ ഹസൻകുട്ടി (58), മക്കളായ അബ്ദുൽ ഖാദർ (12), ബഹാവുദ്ദീൻ (18) എന്നിവരാണ് മരിച്ചത്.
ഫറോക്കിൽനിന്ന് നല്ലളത്തേക്ക് പോകുകയായിരുന്ന ബൈക്കും കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. ഹസൻകുട്ടിയും ബഹാവുദ്ദീനും സംഭവസ്ഥലത്തും അബ്ദുൽ ഖാദർ ആശുപത്രിയിലുമാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ചെറുവണ്ണൂർ ജങ്ഷൻ മുതൽ പല ഭാഗങ്ങളിലും ജപ്പാൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിൽ ആശാസ്ത്രീയമായ രീതിയിലാണ് ടാറിങ് നടത്തിയത്. റോഡിൽ പലഭാഗങ്ങളിലും ഗർത്തങ്ങളുണ്ട്. കൊടിയ വളവിലെ ഗർത്തത്തിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചെടുക്കുന്നത് ഇവിടെ പതിവാണ്. ഹസൻകുട്ടിയുടെ ഭാര്യ: ആയിഷ. മറ്റു മക്കൾ: ബദറുദ്ദീൻ, ഉമറുൽ ഫാറൂഖ്, റബീഅത്ത്, സാലിഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
