കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് പ്രതിശ്രുത വധു മരിച്ചു
text_fieldsവള്ളിക്കുന്ന്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുത വധു മരിച്ചു. അടുത്തയാഴ്ച വിവാഹം ഉറപ്പിച്ച പ്രതിശ്രുത വരനുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കൊളപ്പുറം വി.കെ പടിയിലെ പല്ലാട്ട് ശശിധരെൻറ മകൾ ഭാഗ്യയാണ് (21) മരിച്ചത്. പ്രതിശ്രുത വരൻ കൊണ്ടോട്ടി കിഴിശ്ശേരി കുഴിമണ്ണയിലെ പരേതനായ മൂത്തേടത്ത് ചന്തുവിെൻറ മകൻ ഷൈജുവിന് ഗുരുതര പരിക്കേറ്റു.
ചേളാരിക്കും പാണമ്പ്രക്കും ഇടയിലുള്ള ഇറക്കത്തിൽ ഞായറാഴ്ച ഉച്ച 2.30ഒാടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആൾട്ടോ കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ പരമാവധി വാഹനം ഇടതുവശത്തേക്ക് ഒതുക്കിയെങ്കിലും ഫലമുണ്ടായില്ല.

ബസിെൻറ വലതുവശത്തായാണ് കാറിടിച്ചത്. ഡ്രൈവറുടെ വാതിൽ ദൂരേക്ക് തെറിക്കുകയും ചെയ്തു. ബസിെൻറ മുൻഭാഗം തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ യുവതി കാറിെൻറ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണു. മുൻഭാഗം പൂർണമായി തകർന്ന കാറിനുള്ളിൽനിന്ന് മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ രണ്ടുപേരെയും ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും യുവതി വഴിമധ്യേ മരിച്ചു. തേഞ്ഞിപ്പലം അഡീഷനൽ എസ്.ഐ സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഭാഗ്യ പി.എസ്.എം.ഒ കോളജ് പി.ജി വിദ്യാർഥിനിയാണ്. മാതാവ്: സജിത. സഹോദരി: കാവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
