വിവാഹത്തലേന്ന് പ്രതിശ്രുത വരൻ അപകടത്തിൽ മരിച്ചു
text_fieldsകിളിമാനൂർ: സംസ്ഥാന പാതയിൽ തടി കയറ്റിവന്ന ലോറിയിൽ ബൈക്കിടിച്ച് പ്രതിശ്രുതവരനും സുഹൃത്തും മരിച്ചു. അപകടത്തിൽ മരിച്ച വിഷ്ണുവിെൻറ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. കാരേറ്റ് ആനാകുടി ഊന്നൻപാറ വിഷ്ണുനിവാസിൽ എസ്. പ്രതിരാജിെൻറയും ഒ. ജയയുടെയും മകൻ വിഷ്ണുരാജ് (26), സുഹൃത്തും അയൽവാസിയുമായ ഊന്നൻപാറ വാഴവിള വീട്ടിൽ ശശി-സുമതി ദമ്പതികളുടെ ഏക മകനായ ശ്യാം (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ച ഒന്നോടെ സംസ്ഥാനപാതയിൽ പുളിമാത്ത് ജങ്ഷന് സമീപത്താണ് അപകടം. ഞായറാഴ്ച പുതിയകാവ് സ്വദേശിനിയായ പെൺകുട്ടിയുമായി വിഷ്ണുരാജിെൻറ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹ സൽക്കാരത്തിനുള്ള പന്തൽ പണിക്കെത്തിയയാളെ കിളിമാനൂരിന് സമീപം തൊളിക്കുഴിയിലെ വീട്ടിലെത്തിച്ച ശേഷം മടങ്ങവേയാണ് അപകടം. തമിഴ്നാട് കുലശേഖരത്തുനിന്ന് റബർ തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു പുനലൂർ കുന്നിക്കോട് സ്വദേശിയുടെ ലോറി. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പൊലീസ് വിഷ്ണുരാജിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും ശ്യാമിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
അബൂദബിയിലായിരുന്ന വിഷ്ണുരാജ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അബൂദബിയിലായിരുന്ന വിഷ്ണുരാജിെൻറ പിതാവും സഹോദരൻ അനന്തുവും നേരത്തേ നാട്ടിലെത്തിയിരുന്നു. കാരേറ്റ്-കല്ലറ റോഡിൽ ആറാന്താനം ജങ്ഷനിൽ ഓട്ടോ ഡ്രൈവറാണ് ശ്യാം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഉച്ചക്ക് 2.30ഒാടെ വീടുകളിലെത്തിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 3.30 ഒാടെ സംസ്കരിച്ചു. ഡി.കെ. മുരളി എം.എൽ.എ ഇരുവരുടെയും വീടുകളിലെത്തി അനുശോചനം അറിയിച്ചു.
മാതൃദുഃഖം കണ്ടുനിൽക്കാനാവാതെ ഗ്രാമം തേങ്ങി
വെഞ്ഞാറമൂട്: വിവാഹ സൽക്കാരം നടത്താൻ കെട്ടിയൊരുക്കിയ പന്തലിൽ കിടത്തിയ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ ആ അമ്മയെത്തുമ്പോൾ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ഒരുഗ്രാമം മുഴുവൻ. ബൈക്കപകടത്തിൽ മരിച്ച വിഷ്ണുരാജിെൻറ (28) ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോഴുള്ള അവസ്ഥ ഹൃദയഭേദകമായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന വിഷ്ണു കഴിഞ്ഞയാഴ്ചയാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
നാലുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തിെൻറ ഒരുക്കങ്ങളിൽ സഹായിക്കാനെത്തിയ സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ബൈക്കിൽ മടങ്ങവേയാണ് തടി കയറ്റിവന്ന ലോറിയിലിടിച്ച് വിഷ്ണുവും അയൽവാസിയും ബന്ധുവുമായ ശ്യാമും മരിച്ചത്. അയൽവാസികളായ രണ്ടു ചെറുപ്പക്കാരുടെ മരണം ഊന്നൻപാറയെന്ന കൊച്ചുഗ്രാമത്തെ ശോകത്തിലാഴ്ത്തി. വലിയ ജനക്കൂട്ടമാണ് ഇരുവർക്കും അന്തിമോപചാരമർപ്പിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
