ആന്ധ്രാപ്രദേശിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു
text_fieldsതിരുപ്പതി/കുമ്പള: കാസർകോട് കുമ്പളയിൽനിന്ന് തിരുപ്പതി ക്ഷേത്രദർശനത്തിന് പോയ കുടുംബത്തിലെ നാലുപേർ വാഹനാപകടത്തിൽ മരിച്ചു. നായിക്കാപ്പ് ജങ്ഷനിൽ താമസക്കാരായ പക്കീര ഗട്ടി (77), സഹോദരൻ മഞ്ചപ്പ ഗട്ടി (68), ഇയാളുടെ ഭാര്യ സുന്ദരി (55), ബന്ധുവായ മധൂർ മന്നിപ്പാടി ഹൗസിൽ സദാശിവ ഗട്ടി (55) എന്നിവരാണ് മരിച്ചത്.
ബന്ധുക്കളായ ഭോജഗട്ടി, മാധവ ഗട്ടി, ലക്ഷ്മി, നാഗവേണി, ഹരീശ, കാർഡ്രൈവർ കുമ്പളയിലെ ഉമേശ എന്നിവരെ പരിക്കുകളോടെ ചിറ്റൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ മധൂർ പള്ളങ്കോട്ടെ തറവാട് വീട്ടിൽനിന്നാണ് കുടുംബം തിരുപ്പതിയിലേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച പുലർച്ചെ നട തുറക്കുമ്പോൾ ദർശനത്തിന് എത്തുകയായിരുന്നു ലക്ഷ്യം. ഇവർ സഞ്ചരിച്ച ടാക്സി കർണാടക-ആന്ധ്ര അതിർത്തിപ്രദേശമായ ചിറ്റൂരിലെത്തിയപ്പോൾ എതിരെവന്ന ബസ് ഇടിക്കുകയായിരുന്നു. വെളുപ്പിന് 2.30നായിരുന്നു അപകടം.
പക്കീര ഗട്ടിയുടെ ഭാര്യ: ഗിരിജ. മക്കൾ: രാജേഷ്, സതീശ, ഗീത, അനിത, സവിത, കവിത, സുചിത്ര. മരുമക്കൾ: ജയപ്രകാശ്, മഹേഷ്, ഋഷികേശ്, ജയന്ത, സുകേഷ്, സുകന്യ. മഞ്ചപ്പ ഗട്ടിയുടെ മക്കൾ: വിശാലാക്ഷി, ആണാക്ഷി, സുഹാസിനി, നവ്യ, ശ്രീകാന്ത്. മരുമക്കൾ: ഉമേശ്, നാഗേഷ്, സചിൻകുമാർ, പുഷ്പരാജ്. സദാശിവ ഗട്ടിയുടെ ഭാര്യ: മാലിനി. മക്കൾ: പവൻ, ശ്വേത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.