അധ്യാപക ക്ഷാമത്തിനിടെ നാളെ അധ്യയന വർഷാരംഭം
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അധ്യാപക നിയമനത്തിലും നിയമനാംഗീകാരത്തിലും സർക്കാർ മെല്ലെപ്പോക്ക് നയത്തിലേക്ക് മാറിയതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ വ്യാഴാഴ്ച അധ്യയനം തുടങ്ങുന്നത് അധ്യാപകരില്ലാ ക്ലാസ് മുറികളിൽ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൂട്ടത്തോടെ താൽക്കാലിക അധ്യാപക നിയമനം നടത്താനുള്ള ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ അധ്യാപക ക്ഷാമത്തിൽ പ്രതിസന്ധിയിലാണ്.
നിയമിക്കപ്പെട്ട അധ്യാപകർക്ക് ഭിന്നശേഷി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ ഓഫിസർമാർ അംഗീകാരം തടഞ്ഞിരിക്കുകയാണ്. 2018 മുതൽ നിയമിക്കപ്പെട്ട അധ്യാപകരുടെ അംഗീകാരമാണ് കുരുക്കിലായത്. കഴിഞ്ഞ അധ്യയനവർഷം തസ്തിക നിർണയത്തിൽ കുട്ടികൾ വർധിച്ചതുവഴി 6005 അധിക തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശിപാർശ നൽകിയെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടുമില്ല. ഇതിൽ 3080 തസ്തികകൾ സർക്കാർ സ്കൂളുകളിലും 2925 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.
മാർച്ച് മുതൽ മേയ് വരെ വിരമിച്ചവരുടെ എണ്ണം കൂടി വരുന്നതോടെ സ്കൂളുകളിൽ അധ്യാപക ക്ഷാമം അതിരൂക്ഷമാകും. അധ്യാപകരുടെ കുറവ് വ്യക്തമായതോടെ 30 ദിവസത്തിലധികമുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിട്ടുണ്ട്. താൽക്കാലിക നിയമനം നടക്കുന്നതുവരെ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ലാത്ത അവസ്ഥയായിരിക്കും.
2018 നവംബർ 18 മുതൽ നിയമിതരായ 9913 എയ്ഡഡ് അധ്യാപകരുടെ അംഗീകാരം ഭിന്നശേഷി സംവരണത്തിന്റെ പേരിൽ തടസ്സപ്പെട്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വ്യക്തത നൽകിയിട്ടും സർക്കാർ ഇറക്കിയ ഉത്തരവുകളിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറുകളിലും അവ്യക്തത നിറഞ്ഞതിനാൽ ഭൂരിഭാഗം പേർക്കും വിദ്യാഭ്യാസ ഓഫിസർമാർ നിയമനാംഗീകാരം നൽകിയിട്ടില്ല.
അധ്യാപകരില്ലാത്ത സാഹചര്യത്തിൽ എയ്ഡഡ് സ്കൂൾ മാനേജർമാർ കെ.പി.എസ്.എം.എയുടെ നേതൃത്വത്തിൽ ജൂൺ 14ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹവും ജൂലൈ 15 മുതൽ അനിശ്ചിതകാല സത്യഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ 8376 അധ്യാപക തസ്തികകളാണ് സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടന്നിരുന്നതെങ്കിൽ ഇത്തവണ ഇതിലേറെയുണ്ടെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.
കഴിഞ്ഞ വർഷത്തെ തസ്തിക നിർണയ നടപടികൾക്ക് ഇതുവരെ പൂർണ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ പുതിയ വർഷത്തെ തസ്തിക നിർണയവും പ്രതിസന്ധിയിലാകും.
കഴിഞ്ഞവർഷത്തെ തസ്തിക നിർണയത്തിന്റെ തുടർച്ചയായാണ് പുതിയ വർഷം തസ്തിക നിർണയം നടത്തേണ്ടത്. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് തസ്തിക നിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

