നാലു വർഷ ബിരുദ പരിപാടി നടപ്പാക്കരുതെന്ന് അക്കാദമിക വിദഗ്ദരും വിദ്യാഭ്യാസ സംസ്‍കാരിക പ്രവർത്തകരും
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്ന നാലു വർഷ ബിരുദ പരിപാടി നടപ്പാക്കരുതെന്ന് അക്കാദമിക വിദഗ്ദരും വിദ്യാഭ്യാസ സംസ്‍കാരിക പ്രവർത്തകരുംസംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി കേരളം പിന്തുടരുന്ന സർവകലാശാലാവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ബിരുദ കോഴ്സുകൾ ഉടച്ചു വാർക്കുന്ന പുതിയ നാലു വർഷ ബിരുദ പ്രോഗ്രാം ഉന്നത വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കും.
ബി.എ, ബി.എസ്.സി, ബികോം തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് ബിരുദഘടനയാണ് നിലവിലുള്ളത്. അതിനെ പൂർണമായി പൊളിച്ചെഴുതുന്ന പുതിയ തരം കോഴ്സ് ഘടന നാലുവർഷ ബിരുദമെന്ന പേരിൽ സംസ്ഥാന സർക്കാർ എല്ലാ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒറ്റയടിക്ക് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ മാനിക്കാതെയുള്ള ഈ പരിഷ്കാരം ഏകപക്ഷീയമാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
നാലുവർഷം നീണ്ടുനിൽക്കുന്നതാണ് പുതിയ ഘടന. എന്നാൽ, ദേശീയഘടന പ്രകാരം ഒന്നാം വർഷമോ രണ്ടാം വർഷമോ പ്രോഗ്രാം നിർത്തി പോകാം. ഉള്ളടക്കമാകട്ടെ പ്രധാനമായും സാങ്കേതിക, തൊഴിൽ വിഷയങ്ങളിലാണ് ഊന്നുന്നത്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം നാലുവർഷ പ്രോഗ്രാമിൽ ഉണ്ടാവില്ല എന്നാണ് ഇതിനകം പുറഞ്ഞു വന്ന നിർദേശങ്ങളും സിലബസും വ്യക്തമാക്കുന്നത്. ആദ്യത്തെ രണ്ടു സെമസ്റ്ററുകളിൽ മുഖ്യവിഷയം തിരഞ്ഞെടുക്കാൻ പോലും ഈ സ്കീമിൽ വിദ്യാർഥികൾക്ക് കഴിയില്ലായെന്നത് ഉന്നതവിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നു
പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ ബിരുദവിദ്യാഭ്യാസം മാത്രമല്ല ബിരുദാനന്തര ബിരുദവും ഗവേഷണമേഖലയും സർവകലാശാല സംവിധാനവും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുംനിലവിലുള്ള ഭാഷാധ്യാപകരും ശാസ്ത്രാധ്യാപകരും അധികപ്പറ്റാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.ഈ പരിപാടിയിൽ നിശ്ചിതമായ വിഷയമേഖലകളെ അടിസ്ഥാനപ്പെടുത്തിയ പഠനത്തെക്കുറിച്ച് വിഭാവനം ചെയ്യുന്നില്ല.
എങ്ങനെയും ക്രെഡിറ്റ് തരപ്പെടുത്താവുന്ന കോഴ്സുകൾ തേടിയായിരിക്കും വിദ്യാർത്ഥികൾ പോകുക. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ നടപ്പിലാക്കിയത് വഴി ബിരുദ പഠനത്തിൽ നിന്ന് വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകാൻ കാരണമായിട്ടുണ്ട്. ഇതൊരു അക്കാദമിക ബിരുദ പരിപാടിയാണോയെന്ന് പരിശോധിക്കാൻ അക്കാദമികവിദഗ്ധരെ നിയോഗിക്കണം.
കലാലയങ്ങളിലെ അക്കാദമിക അന്തരീക്ഷത്തെയും ജനാധിപത്യ ഘടനയെയും പ്രതികൂലമായി ബാധിക്കുന്ന ഈ പരിഷ്‌കാരം കേരളത്തിലെ അക്കാദമിക വിദ്ഗ്ധരുടെ സൂക്ഷ്മമായ അഭിപ്രായം പരിശോധിച്ചും പരിഗണിക്കാതെ ഏകപക്ഷീയമായി നടപ്പാക്കരുതെന്നും പ്രസ്താവന ആവശ്യപ്പെടുന്നു..
പ്രഫ. എം.എൻ. കാരശ്ശേരി, ഡോ.ജെ. പ്രഭാഷ്, സാറാ ജോസഫ്, പ്രഫ. എസ്.കെ. വസന്തൻ, ഡോ. ദേശമംഗലം രാമകൃഷ്ണൻ, പ്രഫ.കെ. അരവിന്ദാക്ഷൻ, ഡോ.എം.പി. മത്തായി, റഫീഖ് അഹമ്മദ്, ഡോ. ആസാദ്, ഡോ.ജെ. ദേവിക, ജമാൽ കൊച്ചങ്ങാടി, ഒ.കെ. ജോണി, ഡോ. അജയ് ശേഖർ, എം. ഷാജർഖാൻ, പ്രഫ. ജോർജ് ജോസഫ്, ഡോ.പി.കെ പോക്കർ, മനോജ് കുറൂർ, ഡോ.ഡി. സുരേന്ദ്രനാഥ്, ഡോ.എം. ജ്യോതിരാജ്, സജി മാർക്കോസ്, സി.ആർ. നീലകണ്ഠൻ, ഡോ. രാജേഷ് കോമത്ത്, പ്രഫ. ഫ്രാൻസിസ് കളത്തിങ്കൽ, വി.എസ്. അനിൽകുമാർ തുടങ്ങിയ നൂറോളം പരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പു വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

