കരുവന്നൂർ കേസ്: തെരഞ്ഞെടുപ്പ് സമയത്തെ ഇ.ഡി കുറ്റപത്രത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എ.സി. മൊയ്തീൻ
text_fieldsതൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം നേതാവ് എ.സി. മൊയ്തീൻ. മാധ്യമങ്ങളിൽ നിന്നാണ് കുറ്റപത്രത്തിൽ പേരുണ്ടെന്ന വിവരമറിഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജൻസിയാണ് ഇ.ഡി. എങ്ങനെയാണ് ഇ.ഡി കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതാണ്. പ്രത്യേകിച്ച് കേരളത്തിൽ ഇ.ഡിയുടെ രീതി എല്ലാവർക്കും വ്യക്തമാണെന്നും മൊയ്തീൻ ആരോപിച്ചു.
നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിലൂടെ രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാകും കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ളവർ കരുതുന്നത്. പാർട്ടിക്കും സർക്കാറിനും ഒരു ചുക്കും സംഭവിക്കില്ല. കരുവന്നൂർ ബാങ്കിൽ സാങ്കേതിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ, അതിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് പറയുന്നത്. ഒന്നാം പ്രതിയാക്കേണ്ട ആളെ മാപ്പുസാക്ഷിയാക്കിയത് ഇ.ഡിയാണ്. പാർട്ടി എല്ലാം നടപടിയും എടുത്തതാണെന്നും എ.സി. മൊയ്തീൻ വ്യക്തമാക്കി.
ഇലക്ട്രൽ ബോണ്ടുകൾ മേടിക്കുന്ന പാർട്ടിയല്ല സിപിഎം. അതിനെതിരെയാണ് പാർട്ടി നിലകൊണ്ടിട്ടുള്ളത്. ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനായുള്ള ആയുധമായി ഇ.ഡി മാറിയിരിക്കുകയാണ്. തനിക്ക് റോഷനെയും എം.എസ്. വർഗീസിനെയും അറിയില്ല. ഞാനും ഇവരെ കുറെ അന്വേഷിച്ച് നടന്നതാണ്. മൊഴിയെടുപ്പിലും ഇത് ആവർത്തിച്ചതാണ്. അറിയാത്തവരെ കുറിച്ച് താൻ എങ്ങനെ സംസാരിക്കുമെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

