സസ്പെൻഡ് ചെയ്യപ്പെട്ട കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ ഭാരതാംബയുടെ ചിത്രംവെച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം പുറത്ത്; വിളക്ക് കൊളുത്തിയില്ലെന്ന് പ്രതികരണം
text_fieldsആലപ്പുഴ: സസ്പെൻഡ് ചെയ്യപ്പെട്ട കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഭാരതാംബയുടെ ചിത്രംവെച്ച ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുത്തിട്ടുള്ളതിന്റെ ചിത്രം പുറത്ത്.
അദ്ദേഹം തിരുവൻവണ്ടൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പ കോളജ് പ്രിൻസിപ്പലായിരിക്കെ 2019-2020 വർഷത്തെ കോളജ് ആർട്സ് ക്ലബ് ഉദ്ഘാടനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ആലേഖനംചെയ്ത ബാനറുള്ള ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അന്ന് ശ്രീഅയ്യപ്പ കോളജ് യൂനിയൻ ഭരിച്ചിരുന്നത് എ.ബി.വി.പിയായിരുന്നു. അവർ കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ വേദിയുടെ പിന്നിൽ കെട്ടിയിരിക്കുന്ന ബാനറിലാണ് കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രമുള്ളത്. അന്ന് ഇടത് അധ്യാപകസംഘടന നേതാവ് കൂടിയായിരുന്നു അനിൽകുമാർ. ആ ബാനർ കെട്ടിയ വേദിയിൽ അനിൽകുമാർ വിളക്ക് തെളിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.
രജിസ്ട്രാർ അനിൽകുമാർ സി.പി.എമ്മിന്റെ രാഷ്ട്രീയചട്ടുകമായി മാറിയെന്നും അനിൽകുമാർ പ്രിൻസിപ്പലായിരുന്ന ശ്രീഅയ്യപ്പ കോളജിൽ ആർട്സ് ക്ലബ് ഉദ്‌ഘാടനത്തിന് വേദിയിൽ ഭാരതാംബയുടെ ചിത്രമുപയോഗിച്ചപ്പോൾ ഇല്ലാതിരുന്ന എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് അനുഭവപ്പെട്ടതെന്നുമുള്ള എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്‍റെ കുറിപ്പ് സഹിതമാണ് ചിത്രം പ്രചരിക്കുന്നത്.
2020ൽ അനിൽകുമാർ പ്രിൻസിപ്പലായിരിക്കെ ധ്വനി കലാലയ യൂനിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ആലപ്പുഴ ശ്രീഅയ്യപ്പ കോളജിൽ നടന്ന പരിപാടിയിലുണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രംതന്നെയാണ് സെനറ്റ് ഹാളിൽ ഉണ്ടായിരുന്നതെന്ന് ഈശ്വരപ്രസാദ് കുറിപ്പിൽ പറയുന്നു.
അതേസമയം, അന്ന് കോളജിൽ ഉദ്ഘാടനത്തിന്റെ ഭാഗമായി ഭാരതാംബയുടെ ചിത്രവും വിളിക്കുകൊളുത്തലും ഉണ്ടായിരുന്നില്ലെന്നും സ്റ്റേജിലെ ഫ്ലക്സ് ബോർഡ് ശ്രദ്ധിച്ചിരുന്നില്ലെന്ന് കെ.എസ് അനിൽകുമാർ പ്രതികരിച്ചു.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

