മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം; ക്രൈസ്തവസഭകൾ നിയമനടപടിക്കും പരസ്യപ്രതിഷേധത്തിലേക്കും
text_fieldsകോട്ടയം: മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ നിയമനടപടിക്കും പരസ്യപ്രതിഷേധത്തിനുമൊരുങ്ങി ക്രൈസ്തവ സഭകളും അനുബന്ധസംഘടനകളും. മതന്യൂനപക്ഷങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്ന കാര്യം രേഖാമൂലം അറിയിക്കാനാണ് തീരുമാനം. ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത ആശങ്കയിലാണ് ക്രൈസ്തവ സഭകൾ. കേരളത്തിലെ വിവിധ സഭാനേതൃത്വങ്ങളും ബിഷപ്പുമാരും ഈ വിഷയം ചർച്ച ചെയ്തു.
ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് പൊതുതീരുമാനം. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ പേരിൽ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ സമൂഹം വേട്ടയാടപ്പെടുകയാണെന്ന പൊതുവിലയിരുത്തലാണ് ക്രൈസ്തവ സഭകൾക്കുള്ളത്. മതപ്രചാരണത്തെ മതപരിവർത്തനവും മനുഷ്യക്കടത്തുമായി വ്യാഖ്യാനിച്ച് വേട്ടയാടുന്നതിനെ നിയമപരമായി നേരിടും. അതിനൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്കിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ പോഷക സംഘടനകളുടെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭപരിപാടികൾ. അതിനൊപ്പം വിഷയത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ തേടാനും പാർലമെന്റിലുൾപ്പെടെ വിഷയം ഉയർത്തി നീതി ലഭ്യമാക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ശക്തമായ ആശങ്കയും പ്രതിഷേധവുമാണ് രേഖപ്പെടുത്തിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ആൾക്കൂട്ട വിചാരണ കന്യാസ്ത്രീകളോട് കാട്ടിയ കൊടുംക്രൂരതയാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും വ്യക്തമാക്കി.
ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പൊതുജനമധ്യത്തിൽ ഉയർത്തിക്കാട്ടാനുള്ള പ്രചാരണങ്ങളും നടത്തും. ഉത്തരേന്ത്യയിൽ പീഡനവും കേരളത്തിൽ പ്രീണനവും എന്ന ബി.ജെ.പി സമീപനം ജനാധിപത്യസമൂഹം തിരിച്ചറിയുമെന്നാണ് വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതികരണം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ ആശങ്കജനകമാണ്. മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം രാജ്യത്ത് തുടർക്കഥയാവുകയാണെന്നും അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സഭാവൃത്തങ്ങൾ വ്യക്തമാക്കി.
ഒരു സഭയും ആരെയും നിർബന്ധിച്ച് മതം മാറ്റുന്നില്ലെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കെ. ചെറിയാൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനുമുണ്ടായ ഭയാശങ്കയില്ല ഇതാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇതേ നിലപാടാണ് കേരളത്തിലെ വിവിധ സഭകളും ബിഷപ്പുമാരും തമ്മിലുള്ള ചർച്ചകളിലുമുണ്ടായത്. ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളാനാണ് സഭകളുടെ പൊതുതീരുമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

