വയോധികയെ കൊലപ്പെടുത്തിയ കേസിൽ അബൂബക്കറിനെ പ്രതി ചേർത്തത് തെറ്റായി; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി കുടുംബം
text_fields1. കേസിൽ അറസ്റ്റിലായ സൈനുലാബ്ദീൻ 2. തെറ്റായി അറസ്റ്റ് ചെയ്ത അബൂബക്കർ 3. കൊല്ലപ്പെട്ട സ്ത്രീ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ തെറ്റായി പൊലീസ് പ്രതി ചേർക്കപ്പെട്ട അബൂബക്കറിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. യാതൊരു തെളിവുമില്ലാതെ കള്ളക്കേസാണ് പിതാവിനെതിരെ പൊലീസ് എടുത്തതെന്ന് അബൂബക്കറിന്‍റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പിതാവ് തന്നോട് നേരിട്ട് പറഞ്ഞു. മറ്റൊരു കേസ് കൂടി പിതാവിന് മേൽ ചുമത്തിയിട്ടുണ്ടെന്നും അത് പൊലീസിന് തലയൂരാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) കൊലപാതകം നടത്തിയിട്ടില്ലെന്ന് ആലപ്പുഴ എസ്.പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അബൂബക്കറിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കുമെന്നും എന്നാൽ, വീടിന്റെ പിൻവാതിൽ പൊളിച്ചു കയറിയ സംഭവത്തിൽ മറ്റ് വകുപ്പുകൾ ചുമത്തുമെന്നും എസ്.പി വ്യക്തമാക്കി. എന്നാൽ, കേസിൽ അറസ്റ്റിലായ അബൂബക്കറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.
ആലപ്പുഴ പുറക്കാട് പഞ്ചായത്ത് 12ാം വാർഡിൽ ഒറ്റപ്പനപള്ളിക്കു സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന 60കാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികളാണ് പിടിയിലായത്. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ -44), ഭാര്യ അനീഷ (38) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ച കസ്റ്റഡിയിലെടുത്തത്.
സംഭവശേഷം സ്വിച്ച് ഓഫായ വയോധികയുടെ ഫോൺ വെള്ളിയാഴ്ച കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തനസജ്ജമായി. തുടർന്നാണ് ദമ്പതികളിലേക്ക് അന്വേഷണമെത്തുന്നതും ഇരുവരും കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് പിടിയിലാകുന്നതും.
മുമ്പ് വയോധികയുടെ വീടിനുസമീപം സൈനുലാബ്ദീൻ വാടകക്ക് താമസിച്ചിരുന്നു. ഒറ്റക്ക് താമസിക്കുന്നതിനാൽ മോഷണം എളുപ്പമാകുമെന്ന് കരുതിയാണ് ഭാര്യയോടൊപ്പം വീട്ടിലെത്തുന്നത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. ഇരുവരും മദ്യപിച്ചിരുന്നു. സ്വർണമോ മറ്റ് സാധനങ്ങളോ ലഭിക്കാത്തതിനാൽ ഫോൺ മാത്രം എടുത്തു. മോഷണശ്രമത്തിനിടെ ഇരുവരെയും വയോധിക കണ്ടതിനാൽ പിന്നീട് തിരിച്ചറിയുമെന്നതിനാലാണ് സൈനുലാബ്ദീൻ അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
വയോധികയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന അബൂബക്കർ കൊലപാതകം നടക്കുന്നതിനുമുന്നേ ഇവരുടെ വീട്ടിലുണ്ടായിരുന്നു. വീടിന്റെ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ അബൂബക്കർ ഇവരെ പീഡിപ്പിച്ചു. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. അബൂബക്കർ അവിടെനിന്ന് ഇറങ്ങിയ ശേഷമാണ് ദമ്പതികൾ മോഷണലക്ഷ്യവുമായി വീട്ടിലെത്തുന്നത്.
കിടപ്പുമുറിയിലും അടുക്കളയിലും മുളകുപൊടി വിതറിയ നിലയിലും വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചും കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ആസ്തമ രോഗിയായ വയോധിക താനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചതാണെന്ന് കരുതിയാണ് അബൂബക്കർ പൊലീസിനോട് കുറ്റം സമ്മതിച്ചത്. തന്നെ രക്ഷിക്കണമെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഇയാൾ പറഞ്ഞതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

