മൂവാറ്റുപുഴ: ബാബുപോൾ കമീഷൻ പറഞ്ഞു, പക്ഷേ... മലപ്പുറം: ഭീമമായ ഭരണഭാരം, വർഷങ്ങളായുള്ള ആവശ്യം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം ചികഞ്ഞെടുത്ത ‘മൂവാറ്റുപുഴ ജില്ല’ സ്വപ്നം, 1982ൽ ഇതേപോലെ പൊതുവേദിയിൽ പ്രഖ്യാപിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപവത്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
സംസ്ഥാന സർക്കാരിന്റെയും തദ്ദേശ ഭരണകൂടങ്ങളുടെയും വികസന ഫണ്ടുകളുടെ സിംഹഭാഗവും കൊച്ചി നഗരത്തെയും അനുബന്ധ വ്യവസായ മേഖലകളെയും കേന്ദ്രീകരിച്ച് ചെലവഴിക്കപ്പെട്ടതോടെ കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ കിഴക്കൻ മലയോര മേഖലകൾ കടുത്ത വികസന മുരടിപ്പും അവഗണനയും നേരിടാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ഇത്. ആവശ്യത്തിന്റെ ഭരണപരവും ഭൂമിശാസ്ത്രപരവുമായ സാധ്യതകൾ പഠിക്കാൻ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ നേതൃത്വത്തിൽ അന്ന് ഒരു കമീഷനെ സർക്കാര് നിയോഗിക്കുകയും ചെയ്തു.
കാർഷിക മേഖലയും വനഭൂമിയും ചേർന്നുള്ള സമഗ്രമായ ഒരു വികസന രൂപരേഖയായിരുന്നു ബാബു പോൾ കമ്മീഷൻ സർക്കാറിന് നൽകിയത്. മൂവാറ്റുപുഴ ജില്ലയുടെ രൂപവത്കരണത്തിന് പൂർണമായും അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ, അന്ന് തൊടുപുഴ താലൂക്ക് കൂടി പുതിയ ജില്ലയുടെ ഭാഗമാകുമെന്നും, അങ്ങനെ സംഭവിച്ചാൽ അവശേഷിക്കുന്ന ഇടുക്കി ജില്ല പൂർണമായും ഒരു തമിഴ് ഭൂരിപക്ഷ പ്രദേശമായി മാറുമെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിയോജിപ്പുയർന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.
മലപ്പുറം ജില്ല വിഭജനത്തിനാവശ്യവും മൂവാറ്റുപുഴക്ക് സമാനമായി ശക്തമാണ്. നിയമസഭയിലടക്കം പലവട്ടം ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 2015 ൽ മലപ്പുറം ജില്ല പഞ്ചായത്ത് തന്നെ ഇതിനായി ഔദ്യോഗികമായി പ്രമേയം പാസാക്കിയിരുന്നു. 2019ൽ നിയമസഭയിൽ കെ.എൻ.എ ഖാദർ എം.എൽ.എ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു.
ജനസംഖ്യാനുപാതികമായ വികസനവും അധികാര വികേന്ദ്രീകരണവും ഉറപ്പാക്കുക എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന വാദം. വിസ്തീർണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള (3,550 ചതുരശ്ര കിലോമീറ്റർ) മലപ്പുറം ജില്ല, ജനസംഖ്യയുടെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് (45 ലക്ഷത്തിലേറെ). 10-15 ലക്ഷം ജനസംഖ്യയുള്ള മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വിഭവ വിതരണത്തിലടക്കം വലിയ അനീതിയുണ്ടാകുന്നുവെന്നാണ് വിമർശനം. മാത്രമല്ല, ജില്ലയിൽ നിലവിലെ സർക്കാർ സംവിധാനങ്ങൾക്ക് വഹിക്കുന്ന ഭരണഭാരവും ഭീമമാണ്.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത, പൊതുജനാരോഗ്യ പദ്ധതികളുടെ ഫലപ്രദമായ വിതരണം എന്നിവയിൽ മലപ്പുറം നേരിടുന്ന പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം ജില്ലയുടെ ഈ വലിയ വലിപ്പമാണെന്ന് സാമൂഹിക നിരീക്ഷകരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

