കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതി മൂന്നു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ
text_fieldsഅടൂർ: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ.2015 കാലയളവ് മുതൽ വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കൊലപാതക ശ്രമം, പിടിച്ചുപറി,സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളുടെ പ്രതിയുമായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ .മനോജ്(35)-നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി മുൻപ് ശിക്ഷിച്ചിരുന്നു.ഇവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പോലീസിന് പിടികൂടാൻ സാധിച്ചില്ല. ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു.ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. തുടർന്ന് പോലീസ് നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ അടുത്തിടെ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു. ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി.ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.
തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാൽ പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസ്ഐ.സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
നൂറനാട് പോലീസ് സ്റ്റേഷൻ മാത്രം മനോജിനെ നാലോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

