കൊച്ചി: നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളത്തിൽനിന്ന് ബംഗളൂരുവിൽ പോയത് ആരുമറിഞ്ഞില്ലെങ്കിലും എൻ.ഐ.എ കസ്റ്റഡിയിൽ തിരികെയുള്ള യാത്ര തൽസമയം നാടാകെയറിഞ്ഞു. ഞായറാഴ്ച രാവിലെ അഞ്ചോടെ ബംഗളൂരുവിൽനിന്ന് തുടങ്ങിയ അതിവേഗ യാത്ര ഉച്ചക്കുശേഷം 2.35ഓടെ എറണാകുളം പനമ്പിള്ളി നഗറിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തുന്നതിനിടെ വഴിനീളെ പ്രതിഷേധവും നാടകീയ സംഭവങ്ങളും അരങ്ങേറി. ബംഗളൂരു-എറണാകുളം 541 കിലോമീറ്റർ യാത്ര സംഘം പൂർത്തിയാക്കിയത് ഒമ്പതുമണിക്കൂറെടുത്ത്. അതിനിടെ 20 മിനിറ്റ് ആലുവ ജില്ല ആശുപത്രിയിൽ പ്രതികളുടെ ആരോഗ്യനിലയും കോവിഡ് പരിശോധനക്കുമായി ചെലവഴിച്ചു.
വാളയാർ വരെ സ്വസ്ഥമായി; ശേഷം തൽസമയം
ശനിയാഴ്ച രാത്രി 9.15ഓടെയാണ് ഇരുവരും ബംഗളൂരുവിൽ പിടിയിലായ വിവരം പുറത്തുവന്നത്. സുരക്ഷ ഭീഷണിയെ തുടർന്ന് ഞായറാഴ്ച രാവിലെ കൊച്ചിയിലേക്ക് പ്രതികളുമായി ഒരു സ്കോർപിയോയിലും ഇന്നോവയിലും എൻ.ഐ.എ സംഘം പുറപ്പെട്ടു. ഉച്ചക്ക് 12ഓടെ സ്വസ്ഥമായി വാളയാർവരെ എത്തിയെങ്കിലും പിന്നീടുള്ള യാത്ര ചാനൽ കാമറകൾ നിറഞ്ഞ വാഹനങ്ങളുടെ അകമ്പടിയിലായി.
വാളയാറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന സർക്കാറിന് എതിരെ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതോടെ പൊലീസ് ജാഗരൂകമായി. ഇതിനിടെ അതിവേഗത്തിൽ എൻ.ഐ.എ സംഘത്തിെൻറ രണ്ടുവാഹനവും ചെക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക്. പിന്നാലെ ചാനൽ സംഘങ്ങളും പാഞ്ഞതോടെ സ്വപ്നയുടെയും സന്ദീപിെൻറയും കേരളയാത്ര തൽസമയ സംപ്രേഷണമായി. വേഗനിയന്ത്രണങ്ങളെല്ലാം മറികടന്ന പാച്ചിലിൽ ഇടക്കിടെ ചാനൽ സംഘങ്ങളുടെ വാഹനം പ്രതികൾ സഞ്ചരിച്ചതിനൊപ്പം എത്തി പ്രതികളെ കാണിച്ചുകൊണ്ടിരുന്നു.
പഞ്ചറും വണ്ടി മാറ്റവും
വടക്കഞ്ചേരിയിൽ എത്തിയതോടെ സ്വപ്ന സുരേഷ് സഞ്ചരിച്ച സ്കോർപിയോയുടെ ടയർ പഞ്ചറായി. ഇതോടെ വഴിയരികിൽ വാഹനം ഒതുക്കിയതോടെ ചാനൽ സംഘം വളഞ്ഞു. സ്വപ്നയിൽനിന്ന് പ്രതികരണം ആരായുന്നതിനിടെ സന്ദീപ് നായർ സഞ്ചരിച്ച ഇന്നോവയിലേക്ക് അന്വേഷണ സംഘം സ്വപ്നയെ മാറ്റി അതിവേഗം വാഹനം തൃശൂർ ഭാഗത്തേക്ക് പാഞ്ഞു. മണ്ണുത്തി എത്തിയപ്പോൾ അൽപനേരം ഇന്നോവ നിർത്തിയത് വീണ്ടും ആശയക്കുഴപ്പമായി. നിമിഷങ്ങൾക്കകം യാത്ര പിന്നെയും തുടർന്നു.
പ്രതിഷേധങ്ങൾ വഴിനീളെ
തൃശൂർ പാലിയേക്കര ടോളിലും ചാലക്കുടിയിലും കറുകുറ്റിയിലും അങ്കമാലിയിലുമൊക്കെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ദേശീയ പാതയിൽനിന്നെങ്കിലും വൻ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് കണ്ടെയ്ൻമെൻറ് സോണായി അടച്ചുപൂട്ടിയ ആലുവയിൽ എത്തി ജില്ല ആശുപത്രിയിലേക്ക് പ്രതികളെ കയറ്റി. പരിശോധന കഴിഞ്ഞ് എറണാകുളത്തേക്ക് യാത്രക്കിടെ കമ്പനിപ്പടിയിൽ എൻ.ഐ.എക്ക് അഭിവാദ്യവുമായി യുവമോർച്ചയും സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും റോഡ് തടയും വിധമായി നിൽപ്. റാപിഡ് ആക്ഷൻ ഫോഴ്സും പൊലീസും ലാത്തിവീശിയാണ് വാഹനവ്യൂഹത്തെ കടത്തിവിട്ടത്.
പനമ്പിള്ളി നഗറിലെ എൻ.ഐ.എ ആസ്ഥാനത്തിന് 25 മീറ്റർ അകലെ വരെ പൊലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നു. 2.35ന് പ്രതികളുമായി എത്തിയപ്പോഴേക്കും ഇതെല്ലാം മറികടന്ന് ഓഫിസിെൻറ രണ്ട് ഭാഗങ്ങളിൽ നിന്നുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ചാടിവീണു. പൊലീസും എൻ.ഐ.എ സ്ക്വാഡും സി.ആർ.പി.എഫ് ഭടന്മാരും ലാത്തിവീശി, ഏറെ പണിപ്പെട്ട് വാഹനം അകത്തേക്ക് കയറ്റി. പത്തോളം പ്രവർത്തകർ അറസ്റ്റിലുമായി.
Latest Video: