ചരിത്രം വഴിമാറും, പ്രണോയി വരുമ്പോൾ...
text_fieldsപ്രണോയി
തിരുവനന്തപുരം: ‘‘ഈ ദിനം പ്രണോയിയുടെതാണ്, ഈ വിജയവും ചരിത്രവും അവന് മാത്രം അർഹതപ്പെട്ടത്. അതിന്റെ പങ്കുപറ്റാൻ മാതാപിതാക്കളായ ഞങ്ങൾക്ക്പ്പോലും അർഹതയില്ല’’. ആക്കുളത്തെ ‘തിരുമുറ്റ’ത്തിരുന്നു അച്ഛൻ സുനിൽകുമാർ പറയുമ്പോൾ പ്രണോയിയുടെ അമ്മ ഹസീന അടുക്കളയിൽ തിരക്കിലായിരുന്നു. ചൈനയുടെ വെങ് ഹോങ് യാങ്ങുമായുള്ള പ്രണോയിയുടെ ഒന്നരമണിക്കൂർ നീണ്ട കലാശപോരാട്ടം വീടിന്റെ വാതിൽ കൊട്ടിയടച്ചായിരുന്നു സുനിൽകുമാർ കണ്ടുതീർത്തത്. മകൻ കളിക്കുമ്പോൾ ഒരിക്കൽപോലും ടി.വിക്ക് മുന്നിൽ വന്നിരിക്കാത്ത ഹസീന പിരിമുറുക്കം സഹികാനാകാതെ വരുമ്പോഴൊക്കെ ഇടക്കിടെ സ്കോർ നോക്കി അടുക്കളയിലേക്ക് മടങ്ങും. ഒടുവിൽ മലേഷ്യ മാസ്റ്റേഴ്സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമെന്ന ചരിത്രത്തിലേക്ക് പ്രണോയി ബാറ്റ് ഉയർത്തിയതോടെ അതുവരെ മനസ്സിൽ കെട്ടിനിറുത്തിയ ആകാംഷയുടെ ഉറവ സന്തോഷമായി ആ തിരുമുറ്റത്ത് പെയ്തിറങ്ങുകയായിരുന്നു.
വാർത്താചാനലുകൾ മകന്റെ ചരിത്രനേട്ടം ബ്രേക്കിങ് ന്യൂസായി ആഘോഷിക്കുമ്പോഴും ആളും ആരവുമില്ലാത്ത വീടും ആ രണ്ടുപേരും കാത്തിരുന്നത് മൊബൈൽ ഫോണിലൂടെ എത്താറുള്ള പ്രണോയിയുടെ ശബ്ദത്തിന് വേണ്ടിയായിരുന്നു.‘‘സെപ്തംബറിൽ കല്യാണം കഴിഞ്ഞശേഷം ഞങ്ങൾ പ്രണോയിയെ നേരിൽ കണ്ടിട്ടില്ല. വാട്സ് ആപ്പ് മെസേജുകൾക്കിടയിലാണ് ഇന്ന് ഞങ്ങളും അവനും ജീവിക്കുന്നത്. ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ രാവിനെ പകലാക്കിയാണ് പരിശീലനം. അത്രമാത്രം പ്രണോയി ബാഡ്മിന്റണിന് കൊടുക്കുന്നുണ്ട്’’- ബാഡ്മിന്റൺ പരിശീലകൻ കൂടിയായ സുനിൽകുമാർ പറയുന്നു.
‘‘എട്ടാം വയസ്സിൽ ഞാനാണ് അവന്റെ കൈയിലേക്ക് ബാറ്റ് കൊടുത്തത്. പ്രണോയിയുടെ ശക്തിയും ദൗർബല്യവും എനിക്ക് നന്നായി അറിയാം. ഹസീനക്ക് അവന്റെ കളി കാണുന്നത് ടെൻഷനാണ്. പക്ഷേ, ഒരു ബാഡ്മിന്റൺ പരിശീലൻ എന്ന നിലയിൽ ഞാനിരുന്ന് കാണും. അവന്റെ തെറ്റുകൾ കണ്ടെത്തും. പക്ഷേ ഇന്നവന്റെ കളി അസാധ്യമായിരുന്നു. ലോകത്തിലെ മികച്ച താരങ്ങളോടൊപ്പം കളിച്ച് വിജയിക്കുക എന്നത് നിസാരമല്ലല്ലോ. ആദ്യ റൗണ്ട് മുതൽ കഠിനമായിരുന്നു. ക്വാർട്ടർ ഫൈനലിൽ അത്യുഗ്രമായിരുന്നു പോരാട്ടം. സെമിയിൽ എതിരാളി പരിക്കേറ്റ് പിന്മാറിയത് അവനെയും നന്നായി വിഷമിപ്പിച്ചു. ഇത്തരം പരിക്കുകൾ നമ്മളെയും പേടിപ്പെടുത്തും. കളിക്കിടയിൽ കൈക്കും കാലിനും ഒന്നും പറ്റല്ലേ എന്ന പ്രാർഥനായിരുന്നു ഒന്നരമണിക്കൂറും. ഒടുവിൽ എല്ലാം നന്നായി വന്നു’’.
വർഷങ്ങളായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജനിച്ചുവളർന്ന കേരളത്തിൽ പ്രണോയിക്ക് നേരിടേണ്ടിവരുന്ന തുടർച്ചയായ അവഗണന ഈ മാതാപിതാക്കളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. അർജുന അവാർഡ് ലഭിച്ച താരത്തിന് ജി.വി രാജ അവാർഡുപോലും കേരളം നാളിതുവരെ നൽകിയിട്ടില്ല. അവഗണന ശീലമായതോടെ ഭരണാധികാരികളോടും സ്പോർട്സ് കൗൺസിലിനോടും ഈ കുടുംബത്തിന് പരിഭവമില്ല. സ്പോൺസർഷിപ്പും ഫണ്ടില്ലായ്മയും കരിയറിനെ ബാധിച്ചപ്പോഴും നേടാൻ ഇനിയും പലതുമുണ്ടെന്ന ദൃഢനിശ്ചയമാണ് പ്രണോയിയെന്ന 30കാരനെ ഇന്നും ലോകബാഡ്മിന്റൺ കോർട്ടിലെ കരുത്തനാകുന്നത്.
തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡലണിഞ്ഞത് ഈ മലയാളി പയ്യന്റെ ഉജ്ജ്വലപ്രകടത്തിന്റെ പിൻബലത്തിലായിരുന്നു. ഇനിയും ഇത്തരം തിരുത്തലുകൾ പ്രണോയിയുടെ ബാറ്റിൽനിന്ന് ഇന്ത്യൻ കായികലോകത്തുണ്ടാകുമെന്ന വിശ്വാസം ഈ അച്ഛനും അമ്മക്കുമുണ്ട്. കാരണം ചരിത്രം തിരുത്തപ്പെടാനും കൂടിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

