സി.പി.എം പ്രവർത്തകന്‍റെ മരണം: മഞ്ചേശ്വരം താലൂക്കിൽ ഉച്ചക്ക് ശേഷം സി.പി.എം ഹർത്താൽ
text_fieldsമഞ്ചേശ്വരം: ഉപ്പള സോങ്കാലിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഉച്ചക്ക് ശേഷം സി.പി.എം ഹർത്താൽ. ഉച്ചക്ക് രണ്ട് മുതൽ ആറു മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
സിദ്ദീഖിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസർകോട് എസ്.പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. പ്രതികളെ കുറിച്ച് കൃത്യമായ സൂചനകൾ കിട്ടിയിട്ടുണ്ടെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
അക്രമിസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന ൈബക്ക് കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പ്രതികൾ കർണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ അതിർത്തികളിലും മംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
അതിനിടെ, കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വയറ്റിൽ ആഴത്തിൽ കുത്തേറ്റതാണ് മരണ കാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഞായറാഴ്ച രാത്രിയാണ് ഉപ്പള സോങ്കാലിൽ സി.പി.എം പ്രവർത്തകനും സോങ്കാൽ സ്വദേശി അസീസിെൻറ മകനുമായ അബൂബക്കർ സിദ്ദീഖ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ടു ബൈക്കിലെത്തിയ നാലംഗസംഘം സിദ്ദീഖിനെ ആക്രമിച്ചത്.
ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കുമ്പള സി.ഐ പ്രേംസദെൻറ നേതൃത്വത്തിൽ വൻ െപാലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
