Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബിൻ വർക്കിയുടെ...

അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരം, 250 കേസുള്ള യൂത്ത് കോൺഗ്രസുകാരനെ ഞാൻ കാണിച്ചുതരാം -വി.ഡി.സതീശൻ

text_fields
bookmark_border
അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരം, 250 കേസുള്ള യൂത്ത് കോൺഗ്രസുകാരനെ ഞാൻ കാണിച്ചുതരാം -വി.ഡി.സതീശൻ
cancel

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിൻ വർക്കിയുടെ നിലപാടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമായ പ്രശ്നമാണെന്നും നടപടിക്രമങ്ങൾ അനുസരിച്ചാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി ഒരു ടീമിനെ പ്രഖ്യാപിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു. ആ ടീമിലുള്ള എല്ലാവരും നല്ല കുട്ടികളാണ്. യോഗ്യരായ ചെറുപ്പക്കാരാണ്. അവർ നന്നായി പ്രവർത്തിച്ച് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു.

'സമരം ​ചെയ്യാൻ പറഞ്ഞപ്പോൾ സമരം ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോ ജയിലിൽ പോയി, കേസുണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ടി.വിയിൽ പോകാൻ പറഞ്ഞപ്പോൾ അവിടെ പോയി' എന്ന അബിൻ വർക്കിയുടെ വാർത്ത സമ്മേളനത്തിലെ വാക്കുകൾ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെ..'എല്ലാവരും അങ്ങനെ തന്നെയാണ്. 250 കേസുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഞാൻ കാണിച്ച് തരാം. അതൊക്കെ എല്ലായിടത്തും ഉണ്ട്' -വി.ഡി.സതീശൻ പറഞ്ഞു.

പത്രസമ്മേളനത്തിലെ അബിന്‍റെ വാക്കുകൾ ഇങ്ങനെ:

യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരിക്കുയാണ്. സംഘടനയിൽ മണ്ഡലം സെക്രട്ടറിയിൽ നിന്ന് സംസ്ഥാന ഉപാധ്യക്ഷൻ വരെ ചുമതല വഹിച്ചിട്ടുള്ള ആളാണ് താൻ. സംഘടനയിലും പാർട്ടിയിലും രാഹുൽ ഗാന്ധി കൊണ്ടുവന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താനടക്കമുള്ളവർ കടന്നുവന്നത്. കഴിഞ്ഞ പ്രാവശ്യം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകൾ നേടിയിരുന്നു.

അന്നുമുതൽ ഇന്നുവരെ ഉപാധ്യക്ഷനെന്ന നിലയിൽ കഴിവി​ന്റെ പരമാവധി പ്രവർത്തിച്ചു. സമരം ​ചെയ്യാൻ പറഞ്ഞപ്പോൾ സമരം ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോ ജയിലിൽ പോയി, കേസുണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ടി.വിയിൽ പോകാൻ പറഞ്ഞപ്പോൾ അവിടെ പോയി. പാർട്ടി പറഞ്ഞതാണ് ചെയ്തത്. പേരിനൊപ്പം കോൺഗ്രസ് കൂടെ ചേരുമ്പോഴാണ് മേൽവിലാസം ലഭിക്കുന്നത്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.

കോൺഗ്രസ് ഒരു മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ആ സമയത്ത് കേരളത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. താനടക്കം ആളുകൾ കുറേ കാലമായി ഈ നാട്ടിലെ കമ്യൂണിസ്റ്റ്, ബി.ജെ.പി സർക്കാരുകൾക്കെതിരെ സാധാരണ​ പ്രവർത്തകർക്കൊപ്പം സമരങ്ങൾ നടത്തി വരികയാണ്. ഇപ്പോൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പടിവാതിൽക്കൽ സംസ്ഥാനം എത്തിനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കോ​ൺഗ്രസിന് സുപ്രധാനമാണ്.

കേരളത്തിൽ പ്രവർത്തനം തുടരണമെന്നായിരുന്നു ആഗ്രഹം. മുമ്പും അങ്ങിനെ തന്നെയാണ് ആഗ്രഹിച്ചത്. കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കുകയാണ്. വെല്ലുവിളിയല്ല, അഭ്യർഥനയാണ്. താൻ മുഴുവൻ കോൺഗ്രസുകാരനാണ്. നേതാക്കളോട് അഭ്യർഥിക്കുമെന്നും അബിൻ പറഞ്ഞു.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകളാണ് തനിക്ക് ലഭിച്ചത്. ഒരുമെമ്പർഷിപ്പിന് 50 രൂപ വീതം 80ലക്ഷം മുടക്കിയാണ് പ്രവർത്തകർ തന്നെ പിന്തുണച്ചത്. താൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും സംസ്ഥാന ഉപാധ്യക്ഷനുമായി.

സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ വിവിധ ഘടകങ്ങൾ വിലയിരുത്തിയാവും നിലവിലെ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. അത് നേതൃത്വം വിശദീകരിക്കും. തനിക്ക് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും ഒരു പ്രവർത്തകനായി സംസ്ഥാനത്ത് തുടരാനാണ് ആഗ്രഹം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്ക​ണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കും. തീരുമാനങ്ങൾ വന്നപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ട്. ​യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനടക്കമുള്ളവരുമായി വിഷയം സംസാരിച്ചിരുന്നു.

യൂത്ത് കോൺഗ്രസിൽ ആരും ഒരുപദവിക്കും അനർഹരല്ല. ഞങ്ങളിലുള്ളത് മാനവരക്തമെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് അങ്ങിനെയൊക്കെ തീരുമാനമെടുക്കാൻ പറ്റുമോ? താൻ ഒരു ക്രിസ്ത്യാനിയായതോണോ കുഴപ്പം. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാനും ജയിലിൽ പോകാനും കേസു​കൊടുക്കാനുമുണ്ടാകുമെന്നും അബിൻ വർക്കി പറഞ്ഞു. കെ.എം. അഭിജിത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി പരിഗണിച്ചതിൽ സന്തോഷം. സംഘടനക്കുള്ളിൽ ഭാരവാഹികളുടെ പ്രതികരണങ്ങൾ ഇതിനകം അറിയിച്ചിട്ടുണ്ട്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ അവതരിപ്പിക്കുന്നത് തുടരുമെന്നും അബിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressAbin VarkeyVD SatheesanKerala
News Summary - Abin Varkey's disagreement is personal - V.D. Satheesan
Next Story