സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്നാണ് ആഗ്രഹം, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി
text_fieldsകോഴിക്കോട്: ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അബിൻ വർക്കി. പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സമയത്ത് കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്ന് അബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തോടും സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടും ഇത് അഭ്യർഥിച്ചിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കി.
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെ പരിഗണിക്കാത്തത് ക്രിസ്ത്യാനി ആയതുകൊണ്ടാണോ എന്ന് അറിയില്ല. തന്നെ അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. അക്കാര്യം പറയേണ്ടത് നേതൃത്വമാണെന്നും അബിൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് മുന്നോട്ട് പോകും. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. രാഹുൽ ഗാന്ധിയോട് കടപ്പാടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകൾ നേടാൻ ആയി. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു. ജയിലിൽ പോകാൻ പറഞ്ഞപ്പോൾ പോയി.
താൻ ഉറച്ച കോൺഗ്രസുകാരനാണെന്ന് ആവർത്തിച്ച് കരുതലോടെയായിരുന്നു അബിന്റെ പ്രതികരണം. പുതിയ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ നിർണയിച്ച് കഴിഞ്ഞ ദിവസം തീരുമാനം വന്നതുമുതൽ ഐ ഗ്രൂപ്പ് ഉന്നയിച്ച പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് അബിന്റെ പ്രതികരണവും വിലയിരുത്തപ്പെടുന്നത്. അബിനെ ഡൽഹിക്ക് പാക്ക് ചെയ്തുവെന്ന വിമർശനമാണ് ഐ ഗ്രൂപ്പ് തിങ്കളാഴ്ച ഉയർത്തിയത്.
സംഘടന കീഴ്വഴക്കങ്ങളും ബൈലോയും ലംഘിക്കപ്പെട്ടുവെന്നാണ് ഐ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജിവെക്കുമ്പോൾ കൂടുതൽ വോട്ടുകിട്ടിയ അടുത്ത ആൾ ചുമതലയേൽക്കണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചുവെന്നുമടക്കം ഐ ഗ്രൂപ്പ് ചുണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തിൽ ജാഗ്രതയോടെയാണ് ഐ ഗ്രൂപ്പ് നീങ്ങുന്നത്. ഈ സമയത്ത് ഒരു പൊട്ടിത്തെറി ഉണ്ടാകുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പെന്നാണ് വിവരം. തനിക്കുകിട്ടിയ വോട്ട് എണ്ണിപ്പറഞ്ഞായിരുന്നു അബിൻറെ വാർത്തസമ്മേളനം. മതേതരത്വ മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന പാർട്ടിയിലും സംഘടനയിലും തനിക്ക് ക്രിസ്ത്യാനിയായതിന്റെ പേരിൽ വിവേചനം നേരിടുമോ എന്നും അബിൻ ചോദിച്ചു.
അബിൻറെ വാക്കുകൾ ഇങ്ങനെ:
യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരിക്കുയാണ്. സംഘടനയിൽ മണ്ഡലം സെക്രട്ടറിയിൽ നിന്ന് സംസ്ഥാന ഉപാധ്യക്ഷൻ വരെ ചുമതല വഹിച്ചിട്ടുള്ള ആളാണ് താൻ. സംഘടനയിലും പാർട്ടിയിലും രാഹുൽ ഗാന്ധി കൊണ്ടുവന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താനടക്കമുള്ളവർ കടന്നുവന്നത്. കഴിഞ്ഞ പ്രാവശ്യം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകൾ നേടിയിരുന്നു.
അന്നുമുതൽ ഇന്നുവരെ ഉപാധ്യക്ഷനെന്ന നിലയിൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. സമരം ചെയ്യാൻ പറഞ്ഞപ്പോൾ സമരം ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോ ജയിലിൽ പോയി, കേസുണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ടി.വിയിൽ പോകാൻ പറഞ്ഞപ്പോൾ അവിടെ പോയി. പാർട്ടി പറഞ്ഞതാണ് ചെയ്തത്. പേരിനൊപ്പം കോൺഗ്രസ് കൂടെ ചേരുമ്പോഴാണ് മേൽവിലാസം ലഭിക്കുന്നത്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
കോൺഗ്രസ് ഒരു മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ആ സമയത്ത് കേരളത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. താനടക്കം ആളുകൾ കുറേ കാലമായി ഈ നാട്ടിലെ കമ്യൂണിസ്റ്റ്, ബി.ജെ.പി സർക്കാരുകൾക്കെതിരെ സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങൾ നടത്തി വരികയാണ്. ഇപ്പോൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പടിവാതിൽക്കൽ സംസ്ഥാനം എത്തിനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കോൺഗ്രസിന് സുപ്രധാനമാണ്.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നായിരുന്നു ആഗ്രഹം. മുമ്പും അങ്ങിനെ തന്നെയാണ് ആഗ്രഹിച്ചത്. കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കുകയാണ്. വെല്ലുവിളിയല്ല, അഭ്യർഥനയാണ്. താൻ മുഴുവൻ കോൺഗ്രസുകാരനാണ്. നേതാക്കളോട് അഭ്യർഥിക്കുമെന്നും അബിൻ പറഞ്ഞു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകളാണ് തനിക്ക് ലഭിച്ചത്. ഒരുമെമ്പർഷിപ്പിന് 50 രൂപ വീതം 80ലക്ഷം മുടക്കിയാണ് പ്രവർത്തകർ തന്നെ പിന്തുണച്ചത്. താൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും സംസ്ഥാന ഉപാധ്യക്ഷനുമായി.
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ വിവിധ ഘടകങ്ങൾ വിലയിരുത്തിയാവും നിലവിലെ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. അത് നേതൃത്വം വിശദീകരിക്കും. തനിക്ക് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും ഒരു പ്രവർത്തകനായി സംസ്ഥാനത്ത് തുടരാനാണ് ആഗ്രഹം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കും. തീരുമാനങ്ങൾ വന്നപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനടക്കമുള്ളവരുമായി വിഷയം സംസാരിച്ചിരുന്നു.
യൂത്ത് കോൺഗ്രസിൽ ആരും ഒരുപദവിക്കും അനർഹരല്ല. ഞങ്ങളിലുള്ളത് മാനവരക്തമെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് അങ്ങിനെയൊക്കെ തീരുമാനമെടുക്കാൻ പറ്റുമോ? താൻ ഒരു ക്രിസ്ത്യാനിയായതോണോ കുഴപ്പം. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാനും ജയിലിൽ പോകാനും കേസുകൊടുക്കാനുമുണ്ടാകുമെന്നും അബിൻ വർക്കി പറഞ്ഞു. കെ.എം. അഭിജിത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി പരിഗണിച്ചതിൽ സന്തോഷം. സംഘടനക്കുള്ളിൽ ഭാരവാഹികളുടെ പ്രതികരണങ്ങൾ ഇതിനകം അറിയിച്ചിട്ടുണ്ട്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ അവതരിപ്പിക്കുന്നത് തുടരുമെന്നും അബിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

