'നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ?' എന്നാണ് എം.വി.ഡി ചോദിച്ചത്; നടപടിക്കെതിരെ അബിൻ വർക്കി
text_fieldsആറൻമുള : പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഓഫ് റോഡ് വണ്ടിയുമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാനിറങ്ങിയ ചെറുപ്പക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടിയിലും തുടർന്ന് ഉയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കുമെതിരെ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവും ആറൻമുള എം.എൽ.എയുമായ അബിൻ വർക്കി. നാട് മുങ്ങിയപ്പോൾ സ്വന്തം ഓഫ് റോഡ് വാഹനവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുള സ്വദേശികളായ അമൽ, ഭാര്യ ആർദ്ര എന്നിവരെ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വേട്ടയാടുന്നതിനെതിരെയാണ് അബിൻ വർക്കി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂലൈ 31-ന് പത്തനംതിട്ടയെ വിറപ്പിച്ച പ്രളയത്തിൽ ആറന്മുള, റാന്നി, തിരുവല്ല മേഖലകളിൽ വെള്ളം കയറി സാധാരണക്കാർ കുടുങ്ങിയപ്പോൾ, മൂന്ന് ദിവസത്തോളം വിശ്രമമില്ലാതെ തങ്ങളുടെ ജീപ്പ് ഉപയോഗിച്ച് നിരവധിയാളുകളെയാണ് ഈ ദമ്പതികൾ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ അവശ്യസാധനങ്ങൾ വാങ്ങാൻ അടൂർ ടൗണിലെത്തിയപ്പോൾ ഇവരുടെ വാഹനം തടഞ്ഞുനിർത്തി എംവിഡി 5,250 രൂപ പിഴ ചുമത്തുകയായിരുന്നു. പ്രളയ രക്ഷാപ്രവർത്തനത്തിന് ഇടയിൽ വന്നതാണെന്ന് വ്യക്തമാക്കിയിട്ടും "നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ" എന്ന ക്രൂരമായ മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായതെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടുന്നു.
തുടർന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി മുൻകൈയെടുത്ത് പിഴത്തുക അടയ്ക്കുകയും, എക്സ്ട്രാ ലൈറ്റുകൾ മാറ്റി നൽകുകയും ചെയ്തു. മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണുമായി സംസാരിച്ച് നടപടിയെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം, വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻപ് ഒടുക്കിയ പിഴ തുക പോരെന്നും കൂടുതൽ തുക അടയ്ക്കണമെന്നും ഹൈക്കോടതി വിധിക്കുകയാണുണ്ടായത്.
ഉയർന്ന നീതിപീഠത്തിന്റെ വിധിയെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അബിൻ വർക്കി, എന്നാൽ നാട് കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ ഇത്തരം പരിശോധനകൾ നടത്തിയത് അനാവശ്യവും അനൗചിത്യവുമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. ആഗസ്റ്റ് 1-ന് ഹൈക്കോടതി അഭിഭാഷകരുടെയും പ്രമുഖരുടെയും കുടുംബങ്ങളെയടക്കം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തുണയായത് ഇത്തരം ഓഫ് റോഡ് വണ്ടികളായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയം വെച്ചിറങ്ങിയ ചെറുപ്പക്കാരെ സംരക്ഷിക്കാൻ ഏതവൻ വിമർശിച്ചാലും താൻ ഒപ്പമുണ്ടാകുമെന്നും, അമലിനും ആർദ്രയ്ക്കും തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
പ്രിയപ്പെട്ടവരെ,
ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതൽ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി എന്നെയും ആ വാഹന ഉടമയെയും വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കണ്ടു.
ജൂലൈ 31 രാത്രിയാണ് പത്തനംതിട്ടയെ പ്രളയം മുക്കുന്നത്. ഞാൻ രാവിലെ ആറന്മുള ക്ഷേത്രത്തിന് അടുത്ത് എന്റെ വണ്ടിയിൽ ചെന്ന് നടന്നു പോയതാണ്. പക്ഷെ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അവിടെയാകെ വെള്ളം പൊങ്ങി ഒഴുക്ക് കാരണം സാധാരണക്കാർ ഉൾപെടെയുള്ളവർ കുടുങ്ങി കിടക്കുകയായിരുന്നു. ഈ അവസരത്തിൽ ജനങ്ങളെ രക്ഷിക്കാൻ സ്വയം സന്നദ്ധരായി ഇറങ്ങിയ ആറന്മുള സ്വദേശികളായ കപ്പിൾസ് ആണ് അമലും ഭാര്യ ആർദ്രയും. അവരുടെ കയ്യിൽ ഉണ്ടായിരുന്ന ജീപ്പിൽ ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു.
തുടർന്നുള്ള 3 ദിവസവും ഈ പ്രവർത്തി അവർ തുടർന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി എന്നിവിടങ്ങളിൽ ആകെ വെള്ളം കയറി കിടക്കുന്ന ദൃശ്യം ലോകം മുഴുവൻ കണ്ടതാണ്. ജില്ലയിൽ വെള്ളം കയറാത്ത, ജനങ്ങൾക്ക് എത്തി ചേരാൻ പറ്റുന്ന ഒരേയൊരു ടൗൺ അടൂർ ആയിരുന്നു. അമലും ആർദ്രയും അവിടെ സാധനങ്ങൾ മേടിക്കാൻ വേണ്ടി പോയപ്പോൾ എം.വി.ഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. അമൽ പറയുന്നു താൻ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇടയിൽ സാധനങ്ങൾ മേടിക്കാൻ അടൂരിൽ വന്നതാണ് എന്ന്..
" നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ "
ഇതായിരുന്നു എം.വി.ഡിയുടെ മറുപടി
പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറൻമുളക്കാരൻ ആയ ഒരാൾക്ക് പ്രശ്നമുണ്ടായാൽ അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
1. ആ വാഹനത്തിന് ചുമത്തിയ പിഴ തുകയായ 5250 രൂപ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചു.
2. വണ്ടിയിൽ ഉണ്ടായിരുന്ന എക്സ്ട്രാ ലൈറ്റുകൾ നീക്കം ചെയ്ത് അതിന്റെ വീഡിയോ എടുത്ത് എം.വി.ഡിക്ക് അയച്ചു കൊടുത്തു.
3. ഞാൻ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണുമായി സംസാരിച്ചു. അനൗചിത്യപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾ ഉണ്ടായി.
പക്ഷെ ഒരു മാസത്തിനു ശേഷം,
ബഹു. ഹൈക്കോടതി 2024ൽ പരിഗണിക്കുന്ന മോഡിഫിക്കേഷൻ ആയി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ സിറ്റിങ്ങിൽ ഇത് ഉൾപ്പെടെ അഞ്ചു വാഹനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നു. ഈ വാഹനത്തിന് ഇട്ട പിഴ തുക പോരാ എന്ന് ഓർഡർ എഴുതുന്നു. നിലവിൽ പിഴ ഒടുക്കി കേസ് അവസാനിപ്പിച്ച ഈ വാഹനത്തിന് കൂടുതൽ തുക അടയ്ക്കണം എന്ന് വിധി പ്രസ്താവം ചെയ്യുന്നു.
ബഹു.ഹൈക്കോടതി വിധിയെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു. ഞാൻ ഉൾപ്പെടെയുള്ള ആളുകൾ നീതിക്കുവേണ്ടി അഭ്യർത്ഥിക്കുന്ന ഉയർന്ന നീതിപീഠത്തിൽ നിന്ന് എന്ത് വിധി പ്രസ്താവമുണ്ടായാലും അത് ബഹുമാനിക്കപ്പെടണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
പക്ഷെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത് കൂടി ഞാൻ കൂട്ടി ചേർക്കുന്നു,
ഓഗസ്റ്റ് 1 ന് ഹൈക്കോടതി അഭിഭാഷകർ നടത്തിയ വള്ളസദ്യ കഴിഞ്ഞു തിരികെ പോകാൻ കഴുത്തറ്റം വെള്ളത്തിൽ നിന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയിലെ ഉയർന്ന വ്യക്തിത്വങ്ങളുടെ കുടുംബങ്ങളെ ഉൾപെടയുള്ളവരെ ഇത് പോലെയുള്ള ഓഫ് റോഡ് വണ്ടിയിൽ കയറ്റി വിടാൻ നേരത്ത് എന്റെ മുന്നിൽ ഉണ്ടായിരുന്നത് ലൈറ്റിന്റെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ ആയിരുന്നില്ല മറിച്ച് പ്രളയം കണ്ട് ഭയന്ന് നിന്നവരും അവരെ രക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും മാത്രം ആയിരുന്നു.
ഞാൻ അത് കൊണ്ട് അന്നും പറഞ്ഞു.. ഇന്നും പറയുന്നു.. എപ്പോഴും പറയും..
വെള്ളം കഴുത്തറ്റം മുങ്ങി ഒരു ജില്ലയുടെ ഭൂരിഭാഗം സ്ഥലവും പ്രളയത്തിൽ നിൽക്കുമ്പോ ആകെ വെള്ളം കയറാത്ത അടൂർ ടൗണിൽ ആ ദിവസം ചെക്കിങ് നടത്തുന്നത് അനൗചിത്യമാണ്, അനാവശ്യമാണ്. ആ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.
അതും മാത്രം അല്ല.
ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലും.
ഞാൻ നിരുപാധികം അമലിനും ആർദ്രയ്ക്കും ഒപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

