പെന്തക്കോസ്ത് വിഭാഗം പ്രാർഥനക്കെതിരെ വിവാദ പരാമർശം; ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്ന് അബിൻ വർക്കി
text_fieldsതൃശൂർ: പെന്തക്കോസ്ത് സഭയുടെ പ്രാർഥനാ രീതികൾക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത വിഭാഗവും നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയാണ് പെന്തകോസ്ത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് അബിൻ വർക്കി പറഞ്ഞു.
പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രാർഥന രീതികൾ അനാവശ്യവും അരോചകവുമാണെന്നുള്ള തരത്തിൽ ആക്ഷേപമാണ് ജോൺ ബ്രിട്ടാസ് എം.പി യൂട്യൂബറുമായി നടത്തിയ അഭിമുഖത്തിൽ പറയുന്നത്. രാജ്യത്തിന്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുവരുത്തിയ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ജോൺ ബ്രിട്ടാസ് എംപി നടത്തിയത്. വിശ്വാസത്തിൽ താല്പര്യമില്ലെങ്കിലും പെന്തക്കോസ്ത് വിഭാഗങ്ങളുടെ വോട്ടുകൾ മേടിക്കാൻ അവരുടെ പള്ളികൾ കയറിയിറങ്ങുന്ന സഖാക്കന്മാരെ വിശ്വാസികൾ തിരിച്ചറിയണമെന്നു അബിൻ വർക്കി അഭിപ്രായപ്പെട്ടു.
ഏതൊരു മതവിശ്വാസിയുടെയും ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു കൊടുത്ത ഈ അവകാശങ്ങൾ കേന്ദ്രസർക്കാർ മാത്രമല്ല കേരള സർക്കാരോ അവരുടെ പിണിയാളുകളായ എം.പിമാരോ നിഷേധിക്കാൻ ശ്രമിച്ചാലും അത് ഏതറ്റം വരെയും പോയി പ്രതിരോധിക്കും. അതിനാൽ എത്രയും വേഗം വിവാദപ്രസ്താവന പിൻവലിച്ച് ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

