അഭിമന്യു വധം; വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യം ഹൈകോടതിയും തള്ളി
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി ഹൈകോടതിയും തള്ളി. രഹസ്യ വിചാരണ ആവശ്യം തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്.
വിചാരണ കോടതി ഉത്തരവിൽ അപാകതയില്ലെന്നും നിലവിലെ സാഹചര്യത്തിൽ രഹസ്യ വിചാരണ ആവശ്യമില്ലെന്നും വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഉത്തരവ്. അതേസമയം, വിചാരണ നടപടികൾക്കിടെ ചിത്രമോ വിഡിയോയോ എടുക്കാൻ അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു.
വിചാരണ നടക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കോടതിപ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് സാക്ഷിമൊഴികളെ സ്വാധീനിക്കാനും തങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ രഹസ്യ വിചാരണ ആവശ്യപ്പെട്ടത്. പ്രതികളുടെ ആശങ്ക കണക്കിലെടുത്താണ് ചിത്രമെടുക്കുന്നത് തടയാൻ നിർദേശം നൽകിയത്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. 26 പ്രതികളുള്ള കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിചാരണ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

