അഭിമന്യു വധം: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന പ്രതികളുടെ ഹരജി തള്ളി
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി കോടതി തള്ളി.
കേസിലെ വിചാരണ നടക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കോടതിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും മഹാരാജാസ് കോളജ് കോടതിയുടെ തൊട്ടടുത്തായതിനാൽ വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കരുതെന്നുമുള്ള ആവശ്യമുന്നയിച്ച് പ്രതികൾ നൽകിയ ഹരജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ തള്ളിയത്. തുറന്ന കോടതിയിലെ നടപടിക്രമങ്ങളാണ് ജുഡീഷ്യറിയിൽ കൂടുതൽ വിശ്വാസ്യത ജനിപ്പിക്കുന്നതെന്നും ചില പീഡനക്കേസുകളിലടക്കം അപൂർവ സാഹചര്യങ്ങളിലാണ് രഹസ്യ വിചാരണ അനുവദിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 2018ൽ കുറ്റപത്രം നൽകിയ കേസിൽ പ്രതികളെല്ലാം ജാമ്യത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടന്നതുമുതൽ മാധ്യമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇതുവരെ ഇത് തടയാനായി പ്രതികൾ ആവശ്യമുന്നയിച്ചിട്ടില്ല. കോടതി പരിസരത്ത് സംഘർഷ സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോട്ടോ എടുക്കുമെന്നും വിദ്യാർഥികൾ തടിച്ചുകൂടുമെന്നുമുള്ള പ്രതികളുടെ ആശങ്കകൾ രഹസ്യവിചാരണ അനുവദിക്കാൻ കാരണമല്ല. തുറന്ന കോടതിയിലെ വിചാരണ നീതിനിഷേധമാകുമെന്നത് തെളിയിക്കാൻ മതിയായ വസ്തുതകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 16 പ്രതികളും 156 സാക്ഷികളുമുള്ള കേസിന്റെ വിചാരണ നടപടികൾ ഒക്ടോബർ 15നാണ് ആരംഭിക്കുന്നത്.
ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ- കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. എട്ടു വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈകോടതി നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

