നീതി വൈകരുത്; അഭിമന്യു വധക്കേസ് നാല് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി
text_fieldsഅഭിമന്യു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി. കേസിൽ ആറ് വർഷമായിട്ടും പുരോഗതി ഉണ്ടായിട്ടില്ലെന്ന് കാണിച്ച് അഭിമന്യുവിന്റെ അമ്മയായ വട്ടവട സ്വദേശി ഭൂപതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ ഇനി സമയം നീട്ടി നൽകാനാവില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
ഒമ്പത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, പൂർത്തിയാക്കാനായില്ല. തുടർന്ന് 2025 ഒക്ടോബറിൽ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി. 2026 ജനുവരിയിൽ ഈ കാലാവധിയും അവസാനിച്ചു. ഹൈകോടതി ഉത്തരവിട്ട് 18 മാസം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായില്ല. തുടർന്നാണ് അഭിമന്യുവിന്റെ അമ്മ ഹർജിയുമായി കോടതിയെ സമീപിച്ചത്.
2018 സെപ്തംബർ 24ന് കുറ്റപത്രം നൽകിയിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കാനായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. കൃത്യവും സമയബന്ധിതവുമായ വിചാരണ നടത്തി നീതി ഉറപ്പാക്കണം. വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കഴിഞ്ഞ മാസമാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. സാക്ഷി വിസ്താരം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ കോടതി വീണ്ടും നിർദേശിച്ചത്. ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിന് അഭിമന്യു മഹാരാജാസ് കോളജ് കവാടത്തിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചെന്നാണ് കേസ്.
കേസിൽ 16 പ്രതികളും അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ 2018 സെപ്തംബർ 26-നാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

