അഭിലാഷ് ടോമിയുടെ നില തൃപ്തികരം
text_fieldsകൊച്ചി: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ കമാൻഡർ അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരം. നാവികസേന വൈസ് അഡ്മിറൽ അജിത്കുമാർ അഭിലാഷുമായി ഫോണിൽ സംസാരിച്ചു. ദില്ലിയിലെ നാവികസേന ആശുപത്രിയിലെ ഡോക്ടർമാർ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. അഭിലാഷ് സുഖംപ്രാപിച്ച് വരുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ.കെ. ചാവ്ല കൊച്ചിയിൽ പറഞ്ഞു. നെട്ടല്ലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും അഭിലാഷിന് ചികിത്സയും വിശ്രമവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പായ്വഞ്ചി മത്സരത്തിനിടെ പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപെട്ട അഭിലാഷിനെയും ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും ചൊവ്വാഴ്ച രാവിലെ 9.30നാണ് ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. ഫ്രഞ്ച് അധീനപ്രദേശമായ ദ്വീപിൽ പരിമിത സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് ഇവർ കഴിയുന്നത്. ദ്വീപിൽ വിമാനമിറങ്ങാൻ സൗകര്യമില്ലാത്തതിനാൽ വെള്ളിയാഴ്ച രക്ഷാദൗത്യത്തിലേർപ്പെട്ട കപ്പലുകൾ എത്തിക്കഴിഞ്ഞേ അഭിലാഷിനെ വിദഗ്ധ ചികിത്സക്ക് മാറ്റാനാകൂ. ആസ്ട്രേലിയൻ നാവികസേന കപ്പൽ എച്ച്.എ.എം.എസ് ബലാററ്റ് വെള്ളിയാഴ്ചയോടെ ദ്വീപിലെത്തും. ഇന്ത്യൻ നാവികസേന കപ്പലായ ഐ.എൻ.എസ് സത്പുരയും ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. അഭിലാഷിനെ സത്പുരയിൽ മൊറീഷ്യസിലെത്തിച്ച് തുടർചികിൽസ നൽകാനാണ് തീരുമാനമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
മൊറീഷ്യസിലേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെങ്കിലും ആദ്യം ദ്വീപിലെത്തുന്ന കപ്പൽ ബലാററ്റ് ആയതിനാൽ ആസ്ട്രേലിയൻ തുറമുഖമായ ഫ്രെമാൻറലിലേക്കു കൊണ്ടുപോകാനാണ് സാധ്യത. അഭിലാഷിനെയും ഗ്രിഗറിനെയും രക്ഷിച്ച ഫ്രഞ്ച് മൽസ്യബന്ധനക്കപ്പൽ ഒസിരിസ് ദ്വീപിനുസമീപം നങ്കൂരമിട്ടിട്ടുണ്ട്. ഇതിനിടെ രക്ഷപ്പെടുത്തിയ ശേഷമുള്ള ചിത്രങ്ങളും അഭിലാഷിെൻറ ആദ്യ പ്രതികരണവും ഇന്ത്യൻ നാവികസേന പുറത്തുവിട്ടു.
കടൽ അവിശ്വസനീയമാംവിധം പ്രക്ഷുബ്ധമായിരുന്നു. കടലിൽ ബോട്ട് ആടിയുലഞ്ഞു. കടലിലെ പരിചയംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയവും തുണച്ചു. പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും നാവിക സേനയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അഭിലാഷിെൻറ സന്ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
