അഭയ കേസ്: വിടുതൽ ഹരജിയിൽ വിധി ഇന്ന്
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ മൂന്ന് പ്രതികൾ നൽകിയ വിടുതൽ ഹരജിയിൽ വിധി ബുധനാഴ്ച. പ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് സി.ബി.ഐ കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. തങ്ങൾക്കെതിരായ കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളുടെ മൊഴി സി.ബി.ഐ ഭീഷണിപ്പെടുത്തി എഴുതി തയാറാക്കിയതാണെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ, രാത്രികാലങ്ങളിൽ ഇരുവികാരിമാരും കോൺവെൻറിലെ മതിൽ ചാടിക്കടന്ന് സിസ്റ്റർ സെഫിയെ കാണാൻ എത്തിയിരുന്നതായി സാക്ഷി മൊഴികളുണ്ടെന്നും സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സി.ബി.ഐ വാദം.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് നൽകി. എന്നാൽ, സംസ്ഥാന സർക്കാറിെൻറ ശിപാർശപ്രകാരം 1993 മാർച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. മൂന്നുതവണ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ, കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ, മൂന്നു പ്രാവശ്യവും റിപ്പോർട്ട് തള്ളിയ കോടതി കേസിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐയോട് നിർദേശിക്കുകയായിരുന്നു.
