Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ മാതാവ് മകന്‍റെ കഥകൾ...

ആ മാതാവ് മകന്‍റെ കഥകൾ സങ്കടത്തോടെ പറഞ്ഞുകൊണ്ടിരുന്നു, ചിലപ്പോൾ അവർ കരഞ്ഞു... -കലാഭവൻ നവാസിന്റെ കുടുംബത്തെ സന്ദർശിച്ച് സമദാനി

text_fields
bookmark_border
ആ മാതാവ് മകന്‍റെ കഥകൾ സങ്കടത്തോടെ പറഞ്ഞുകൊണ്ടിരുന്നു, ചിലപ്പോൾ അവർ കരഞ്ഞു... -കലാഭവൻ നവാസിന്റെ കുടുംബത്തെ സന്ദർശിച്ച് സമദാനി
cancel

കൊച്ചി: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്‍റെ കുടുംബത്തെ സന്ദർശിച്ച് എം.പി അബ്ദുസ്സമദ് സമദാനി. കുടുംബത്തെ സന്ദർശിക്കുകയും നവാസിന്‍റെ മാതാവ് അടക്കമുള്ള ഉറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് സമദാനി ഫേസ്ബുക്കിൽ കുറിച്ചു.

വിടപറഞ്ഞുപോയപ്പോൾ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് നവാസിന്റെ വ്യക്തിത്വത്തിന്റെ വെണ്മയായിരുന്നുവെന്ന് സമദാനി പറയുന്നു. നവാസിന്റെ ജ്യേഷ്ഠനായ പ്രിയ സ്നേഹിതൻ നിയാസ് ബക്കർ അകാലത്ത് പിരിഞ്ഞുപോയ അനുജന്റെ വിവരങ്ങൾ കദനത്തോടെ വിവരിച്ചുകൊണ്ടിരുന്നു. മാതാവ് മകന്‍റെ കഥകൾ സങ്കടത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോൾ അവർ കരഞ്ഞു. എന്നാൽ ചിലപ്പോൾ അതിശക്തമായ സഹനശക്തിയുടെയും കർത്തവ്യബോധത്തിന്റെയും വെളിച്ചത്തിൽ മന്ദസ്മിതം തൂകി -സമദാനി കുറിക്കുന്നു.

സമദാനിയുടെ കുറിപ്പ് പൂർണരൂപം:

ഉമ്മയുടെ മകൻ, മക്കളുടെ ഉമ്മ
കലാഭവൻ നവാസ്: ഒരു അനുസ്മരണം

നാട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ന് ആലുവയിൽ പോയി, കഴിഞ്ഞ ദിവസം വിടപറഞ്ഞുപോയ കലാഭവൻ നവാസിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഉമ്മ അടക്കമുള്ള ഉറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അസാധാരണമായ തന്റെ കലാപ്രക്രിയ കൊണ്ട് മാത്രമല്ല, വ്യതിരിക്തമായ സ്വഭാവമഹിമ കൊണ്ടും ജനമാനസത്തിൽ ഇടംനേടിയ സവിശേഷ വ്യക്തിത്വമായിരുന്നു പ്രിയപ്പെട്ട നവാസ്. ഈ കുടുംബത്തോടൊപ്പം ചിലവഴിച്ച നേരമത്രയും നന്മകളിൽ കുതിർന്നതും ഹൃദയവികാരങ്ങൾ കലർന്നതുമായ സവിശേഷ സന്ദർഭമായിത്തീർന്നു.

വിടപറഞ്ഞുപോയപ്പോൾ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് നവാസിന്റെ വ്യക്തിത്വത്തിന്റെ വെണ്മയായിരുന്നു. സദാ മന്ദസ്മിതം തൂകിയും കഴിയുന്നത്ര മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും സർവ്വോപരി തന്റെ വ്യക്തിജീവിതത്തിലും പ്രവർത്തനമേഖലയിലും ധർമ്മനിഷ്ഠ പുലർത്തിയും കടന്നുപോയ ഒരു കലാകാരന്റെ ഈദൃശ നന്മകൾ ഇക്കാലത്ത് പ്രത്യേകിച്ചും ജനങ്ങൾ ചർച്ച ചെയ്തതും അവരെ ആകർഷിച്ചതും സ്വാഭാവികം.

നവാസിന്റെ ജ്യേഷ്ഠനായ പ്രിയ സ്നേഹിതൻ നിയാസ് ബക്കർ അകാലത്ത് പിരിഞ്ഞുപോയ അനുജന്റെ വിവരങ്ങൾ കദനത്തോടെ വിവരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യാപിതാവിനെ ഘനീഭവിച്ച ദുഃഖത്തിന്റെ രൂപമായിട്ടാണ് അത്രയും സമയം കണ്ടത്. ചിലപ്പോൾ മൗനമായിരിക്കുകയും ചിലപ്പോൾ കുറഞ്ഞ വാക്കുകൾ സംസാരിക്കുകയും ചെയ്തു. നവാസിന്റെ ഓമന മക്കളെയും കണ്ടു. ഏറെ സമയവും കലാരംഗത്ത് ചിലവഴിച്ച ആ യുവപിതാവ് തൻ്റെ മക്കളുടെ ശിക്ഷണത്തിൽ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും അറിഞ്ഞപ്പോൾ അതിശയപ്പെട്ടുപോയി.

അതിനേക്കാളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് ഈ സഹോദരന്മാരുടെ വന്ദ്യമാതാവും അവരുടെ വിശ്വാസദാർഢ്യവും ഭക്തിസാന്ദ്രമായ ഹൃദയവികാരങ്ങളുമാണ്. ഉമ്മയെ ഒന്ന് വിളിക്കട്ടെ എന്ന് നിയാസ് പറഞ്ഞപ്പോഴേക്ക് അവരെ കൊണ്ടുവരാനും കൂടെയിരുത്താനും താല്പര്യപ്പെടുകയായിരുന്നു. ആ വന്ദ്യമാതാവ് മകൻ്റെ കഥകൾ സങ്കടത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോൾ അവർ കരഞ്ഞു. എന്നാൽ ചിലപ്പോൾ അതിശക്തമായ സഹനശക്തിയുടെയും കർത്തവ്യബോധത്തിന്റെയും വെളിച്ചത്തിൽ മന്ദസ്മിതം തൂകി. എല്ലാം അല്ലാഹു നിശ്ചയിച്ചതാണെന്നും അവനെ തന്നവൻ തന്നെയാണ് അവനെ കൊണ്ടുപോയതെന്നും അവർ പറഞ്ഞുകൊണ്ടിരുന്നപ്പോൾ എൻ്റെ കണ്ണുകൾ അവരുടെ മുഖത്തേക്കും കാതുകൾ അവരുടെ ശബ്ദത്തിലേക്കും മാത്രമായിത്തീർന്നു. മാതൃത്വത്തിന്റെ മഹത്വത്തിൽ അഗാധമായ വിശ്വാസമുള്ള എൻ്റെ മനസ്സിന് പിന്നെയും ചില ബോദ്ധ്യങ്ങൾ.

അവരുടെ പെരുമാറ്റത്തിലും വാക്കുകളിലും പലതവണ എന്റെ ഉമ്മയുടെ ചിത്രം മനസ്സിൽ വന്നും പോയുമിരുന്നു. മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന ഒരു സഹോദരൻ ഇതൊന്നും അറിയാതെ എന്നോട് പറഞ്ഞു: "അവരുടെ സംസാരം കേട്ടപ്പോൾ പലപ്പോഴും ഞാൻ എന്‍റെ ഉമ്മയെ ഓർത്തു". യഥാർത്ഥമായ മാതൃത്വത്തിന് അതിന്‍റെ സകല വൈവിദ്ധ്യരൂപങ്ങളിലും ഒറ്റ നിറം, ഒരേയൊരു മണം, മാതാവിന്‍റെ രക്തത്തിന്‍റെ നിറവും വിയർപ്പിന്റെ മണവും. അതിൽകവിഞ്ഞൊരു പുണ്യം മറ്റെന്തുണ്ട് ഈ ഭുവനത്തിൽ!

പ്രിയപുത്രൻ വിടപറഞ്ഞുപോയ വേദനയിലും അസാമാന്യമായ ക്ഷമയോടെ സ്വന്തത്തെയും കുടുംബക്കാരെയും ആശ്വസിപ്പിക്കുന്ന ഈ മാതാവ് ശക്തിസ്വരൂപം തന്നെ. ഒരർത്ഥത്തിൽ അവർ ജീവിച്ചിരിക്കെ അവരോടും ഈ ലോകത്തോടും വിടപറഞ്ഞുപോയ മകന്റെ നിയോഗവും സവിശേഷം തന്നെ. ഇരുവർക്കുമിടയിൽ നിലകൊണ്ട് എന്‍റെ മനസ്സ് തേങ്ങുന്നു.

അതിനിടയിൽ ഈ കുട്ടികളുടെ പിതാവായ തന്‍റെ ജീവിതപങ്കാളി മരണപ്പെട്ട സന്ദർഭം അവർ എന്നോട് വിവരിച്ചു. തിരക്കുകൾക്കിടയിൽ അദ്ദേഹം വീട്ടിലെത്തിയതായിരുന്നു. എന്തോ ഒരു ക്ഷീണത്തിൽ നീണ്ടുനിവർന്ന് കിടന്നു. ഡോക്ടറെ വിളിക്കട്ടെ എന്ന് ചോദിച്ച സഹധർമ്മിണിയോട് അത് വേണ്ടെന്ന മട്ടിൽ അദ്ദേഹം പറഞ്ഞു: "ഇനി നീ കുറെ ആളുകളെ വിളിച്ചുകൂട്ടിക്കോ". അന്ത്യശ്വാസം നെഞ്ചിൽ വന്നുനിന്നു കാണണം. അദ്ദേഹം കണ്ണടച്ചു കിടന്നു.

ജീവിതത്തിന്‍റെ പാഠപുസ്തകത്തിൽ നിന്ന് നമ്മൾ ഇനിയും എന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന പാഠങ്ങളിലൊന്ന് കുടുംബത്തിന്റെ മാഹാത്മ്യമാകുന്നു. അതിന്‍റെ അസ്തിവാരം മാതൃത്വവുമാകുന്നു. പ്രിയപ്പെട്ട ഭർത്താവും അരുമയായ മകനും വിടപറഞ്ഞുപോയ ശേഷവും ആ പാഠപുസ്തകത്തിൽ അവൾ സഹനത്തിന്റെ പുതിയ അദ്ധ്യായങ്ങൾ തീർക്കുക തന്നെയാണ്.

കദനഭാരത്തോടെ, വയൽക്കരയിലുള്ള ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്നെ ഇങ്ങോട്ട് ആശ്വസിപ്പിക്കാനും അവർ തുനിഞ്ഞു. എന്‍റെ കുട്ടി പോയ സമയത്താണെങ്കിലും നിങ്ങളെ എനിക്ക് കാണാൻ കഴിഞ്ഞല്ലോ എന്നായിരുന്നു അവർ പറഞ്ഞ വാക്കുകൾ. അപ്പോൾ നിയാസ് പറയുകയായിരുന്നു: "ഉമ്മ എത്രയോ കാലമായി സമദാനി സാഹിബിന്റെ പ്രസംഗങ്ങൾ കേൾക്കുന്ന ആളാണ്" . അപ്പോഴും അവരുടെ ഒരു വാക്ക് എന്‍റെ ഉള്ളിൽ ചെന്നു തട്ടി: "എന്റെ കുട്ടി". പേരക്കുട്ടികളുടെ പിതാവായ മകനും മാതാവിന് എക്കാലത്തും കുട്ടി തന്നെയാകുന്നു.

വീട്ടിൽ നിന്നിറങ്ങാനായി വരാന്തയിലേക്ക് കടക്കുമ്പോൾ അവർ എന്നോട് പറഞ്ഞത് ഇതായിരുന്നു: "എന്‍റെ കുട്ടികൾ എവിടെ പരിപാടി അവതരിപ്പിക്കാൻ പോയാലും അവർ മൈക്കിനു മുമ്പിൽ നിൽക്കുന്ന ആ സ്റ്റേജ് ഈ വീട്ടിലിരിക്കുന്ന എന്‍റെ മനസ്സിൽ തെളിയും. ആ സദസ്സും അവിടെയുള്ളതുമെല്ലാം ഇവിടെയിരുന്ന് ഞാൻ കാണും.'' അപ്പോൾ ചുവരിലുള്ള ഫ്രെയിം ചെയ്ത ഒരു ചിത്രത്തിലേക്ക് ദുഃഖത്തോടെ നോക്കി. കയ്യിലൊരു മൈക്കുമായി പുഞ്ചിരിതൂകി നിൽക്കുന്ന നവാസിന്റെ, ആരോ വരച്ച ചിത്രം. ഈ വന്ദ്യമാതാവിന്‍റെ പ്രസ്തുത വാക്കുകൾ കേട്ടപ്പോഴും ഉമ്മയെ ഓർമ്മ വന്നു. കുട്ടിക്കാലത്ത് മദ്രസയിലും സ്കൂളിലുമെല്ലാം ഞാൻ നടത്തിയിരുന്ന കൊച്ചുകൊച്ചു പ്രസംഗങ്ങളും അതറിയുമ്പോൾ ഉമ്മയുടെ വലിയ സന്തോഷങ്ങളും...

അല്ലാഹു മഗ്ഫിറത്ത് പ്രദാനം ചെയ്യട്ടെ!


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdussamad Samadani
News Summary - Abdussamad Samadani visits Kalabhavan Navas family
Next Story