സുംബയിൽ ബെല്ലി ഡാൻസുണ്ട് -അബ്ദുസ്സമദ് പൂക്കോട്ടൂർ; ഗൂഢാലോചന നടക്കുന്നു -പി.കെ. നവാസ്
text_fieldsകോഴിക്കോട്: സ്കൂളുകളിൽ സുംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ സമസ്ത യുവജന വിഭാഗം. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
സുംബ ഡാൻസ് എന്നത് ഒരു ഫിറ്റ്നസ് പ്രോഗ്രാമാണ്. സുംബ ഡാൻസ് 1990ന് ശേഷം കൊളംബിയൻ നൃത്തസംവിധായകൻ രൂപകൽപന ചെയ്ത പശ്ചാത്യ നൃത്ത സംഗീതം ഉൾപ്പെട്ട, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുചേർന്ന് ആടിപ്പാടിയുള്ള വിനോദമാണ്. ഇത് സ്കൂളിലാകെ ഒരു ആരോഗ്യ പദ്ധതിയായി വരുമ്പോൾ ചില കുട്ടികൾ അതിൽനിന്ന് മാറി നിൽക്കുമ്പോൾ അവർക്ക് മാനസിക പ്രയാസമുണ്ടാകും.
കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ട്. ഇത്തരം നൃത്തത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ചില രക്ഷിതാക്കൾക്ക് താൽപര്യമില്ലെങ്കിൽ ഇത് സ്കൂളുകളിൽ നടപ്പാക്കേണ്ട കാര്യമെന്ത്? ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള ഒരു സംവിധാനമായിട്ടാണ് ഇന്‍റർനെറ്റിൽ ഇതേക്കുറിച്ച് പരിശോധിച്ചാൽ ലഭിക്കുന്ന വിവരം. അതിൽ ബെല്ലി ഡാൻസിന്‍റെ ഭാഗങ്ങൾ വരെയുണ്ട്. കുട്ടികളെ ബെല്ലി ഡാൻസ് കളിപ്പിക്കാൻ ഇഷ്ടമല്ലെങ്കിൽ അതിലൂടെ ഫിറ്റ്നസ് നടത്തണമെന്നത് അവർക്ക് അരോചകമായിരിക്കും. ഇത് നിർബന്ധമായി നടപ്പാക്കണം എന്ന് സർക്കാർ പറഞ്ഞതായി അറിവില്ല. പക്ഷേ, ഇത് നടന്നുവന്നാൽ പിന്നീട് അതൊരു പൊതുവായ കാര്യമായി മാറും -അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
അതേസമയം, സ്കൂളുകളിലേക്ക് സുംബ കൊണ്ടുവരുന്നത് എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഒരു ഗൂഢാലോചന ഇതിനുപിന്നിൽ നടക്കുന്നു എന്ന അഭിപ്രായം ഞങ്ങൾക്കുണ്ട്. സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കുകയാണ് വേണ്ടതെന്നും നവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

