മതത്തിെൻറ വിമോചന ഉള്ളടക്കം വ്യക്തമാക്കിയ സ്വതന്ത്ര ഗവേഷകൻ
text_fieldsഹദീസ് വിജ്ഞാനവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഗ്രന്ഥരചനയെക്കുറിച്ച് സംസാരിക്കാനോ സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന കോളങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനോ ആണ്, പലപ്പോഴും എടവണ്ണയിലെ എ. അബ്ദുസ്സലാം സുല്ലമിയുടെ വീട്ടിൽ പോയിട്ടുള്ളത്. ജീവിതത്തിൽ ജാടയോ ഉപചാരങ്ങളോ പരിചയിച്ചിട്ടില്ലാത്ത അദ്ദേഹം മതവിജ്ഞാന വിഷയങ്ങളിൽ അഗ്രേസരനാണെങ്കിലും വ്യക്തി ജീവിതത്തിൽ നിഷ്കളങ്കനും വിനീതനുമായിരുന്നു. ഏതു വിഷയങ്ങളെയും വൈജ്ഞാനികമായ സത്യസന്ധതയോടെ സമീപിക്കുക എന്നതായിരുന്നു അദ്ദേഹത്തിെൻറ ശൈലി. സംഘടനാപരമായ സങ്കുചിതത്വങ്ങൾക്ക് അതീതമായി ചിന്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അറിവു തേടിയോ സംശയ ദൂരീകരണത്തിനോ വരുന്നവർ ആരായാലും ഊരോ പേരോ സംഘടനയോ ചോദിക്കാതെ തെൻറ നിലപാട് മറയില്ലാതെ വ്യക്തമാക്കുന്ന പ്രകൃതമായിരുന്നു അബ്ദുസ്സലാം സുല്ലമിക്ക്. ടെലിഫോണിൽ സംസാരിക്കുന്നവരോടും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു. മൗലവിയുടെ ഈ രീതി അദ്ദേഹത്തിനു വലിയ തലവേദന ഉണ്ടാക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വിദ്യാർഥികാലം തൊട്ടുതന്നെ സുല്ലമി പഠന ഗവേഷണങ്ങളിൽ മികവ് കാട്ടുകയും എഴുത്തും പ്രഭാഷണവും ആരംഭിക്കുകയും ചെയ്തിരുന്നു. സുല്ലമി ബിരുദം നേടി കൊടുവള്ളിയിൽ സർക്കാർ സ്കൂളിൽ അധ്യാപകനായി. ചെറിയ ഇടവേളയിൽ വയനാട്ടിലും അധ്യാപകനായി. എന്നാൽ, പിതാവിെൻറ പാതയാണ് അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരുന്നത്. അങ്ങനെ സർക്കാർ സർവിസിൽനിന്ന് വിരമിച്ച് പിതാവ് പടുത്തുയർത്തിയ എടവണ്ണ ജാമിഅ നദ്വിയ്യ എന്ന ഉന്നത മത കലാലയത്തിൽ അധ്യാപകനായി ചേർന്നു.
കേരളത്തിൽ മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസ, അനുഷ്ഠാന, ആചാര തർക്കങ്ങളിൽ എല്ലാം അദ്ദേഹം ഇടപെട്ടു. മതത്തിെൻറ അടിസ്ഥാന പ്രമാണങ്ങളിൽനിന്നുകൊണ്ടുള്ള വിമർശനങ്ങളിലൂടെ സമുദായത്തിെൻറ നവീകരണം ആയിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. വിമർശനങ്ങളിലും നിലപാടുകളിലും ഉൽപതിഷ്ണുത്വം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം മരണം വരെ ശ്രമിച്ചു. സുല്ലമി യുവാവായിരിക്കെയാണ് ചേകന്നൂർ മൗലവിയുടെ ചിന്തകൾ ഏറെ ചർച്ചയായത്. ഇസ്ലാമിെൻറ രണ്ടാമത്തെ പ്രമാണമായ ഹദീസിനെ മൊത്തത്തിൽ നിഷേധിക്കുന്ന ഒരു സമീപനം ചേകന്നൂർ മുന്നോട്ടുവെച്ചപ്പോൾ അതിനെ നേരിടാൻ മുൻപന്തിയിൽ ഉണ്ടായ പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമി. ഹദീസിെൻറ പ്രാമാണികതയെ ഉറപ്പിക്കുന്ന നിരവധി പഠനങ്ങൾ നടത്തിയ സുല്ലമി, ഖുർആനിനു തുല്യമായ സ്ഥാനം ഹദീസിനു കൽപിക്കുന്ന അതിവാദ പ്രവണതയെയും നിശിതമായി എതിർത്തു. ഖുർആെൻറ ആശയങ്ങൾക്കും സാമാന്യബുദ്ധിക്കും നിരക്കാത്ത ഹദീസുകൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹം പുലർത്തിയത്.
മതത്തെ വിമോചനപരമായ ഉള്ളടക്കത്തിൽ നോക്കിക്കാണാൻ ശ്രമിച്ച മലയാളികളായ പണ്ഡിതന്മാരിൽ പ്രമുഖനാണ് അദ്ദേഹം. അക്ഷര വായനകൾക്കപ്പുറം മതത്തിെൻറ ആന്തരിക മൂല്യങ്ങളെയാണ് മുഖവിലക്കെടുക്കേണ്ടത് എന്ന് അദ്ദേഹം വിശ്വസിച്ചു. ബുദ്ധിയെയും യുക്തിയെയും തള്ളിപ്പറയുന്ന പൗരോഹിത്യത്തെ നിരാകരിച്ചു. മർദിതർക്കും ദരിദ്രർക്കും സ്ത്രീകൾക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ശബ്ദം അദ്ദേഹത്തിെൻറ ഫത്വകളിലും രചനകളിലും കാണാം. സ്ത്രീകൾ മുഖാവരണം അണിയണമെന്ന വാദത്തെയും പൊതുരംഗങ്ങളിൽനിന്നും ജോലിയിൽനിന്നും ഒഴിഞ്ഞുനിൽക്കണമെന്ന ശാസനകളെയും അദ്ദേഹം പ്രമാണങ്ങൾ നിരത്തി ഖണ്ഡിച്ചു.
സ്വതന്ത്ര ഗവേഷണങ്ങളാണ് അബ്ദുസ്സലാം സുല്ലമിയുടെ മുഖമുദ്ര. അവസാനം വരെ നിലകൊണ്ട മുജാഹിദ് പ്രസ്ഥാനത്തിനു പോലും മാസപ്പിറവി പോലുള്ള പല വിഷയങ്ങളിലെയും അദ്ദേഹം സ്വീകരിച്ച അഭിപ്രായങ്ങളെ അംഗീകരിക്കാൻ കഴിയാതിരുന്നതിൽ അതിശയിക്കാനില്ല. സംഘടന ഏതെന്ന് നോക്കാതെ നന്മകളിൽ സഹകരിക്കുക എന്നത് ഒരു നയമായി പിന്തുടർന്നതുകൊണ്ട് മറ്റു സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ക്ലാസ് നടത്താനോ അവർക്കു വേണ്ടി എഴുതാനോ അദ്ദേഹം മടിച്ചില്ല. ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് പുസ്തകമെഴുതിയ സലാം സുല്ലമി ശാന്തപുരം അൽജാമിഅയിൽ ക്ലാസ് എടുക്കുകയും ഐ.പി.എച്ചിെൻറ ഹദീസ് പദ്ധതികളിൽ സഹകരിക്കുകയും ചെയ്തു. ഹദീസ് പഠന രംഗത്തുള്ള സമഗ്ര സംഭാവനകൾക്ക് അദ്ദേഹത്തിന് കഴിഞ്ഞ വർഷം വക്കം മൗലവി പുരസ്കാരം ലഭിച്ചിരുന്നു.
യാഥാസ്ഥിതികത ഒരു സംഘടനയുടെ പേരല്ല എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പുരോഗമന പക്ഷക്കാരിലും ഉറച്ചുകിടക്കുന്ന യാഥാസ്ഥിതിക മനോഭാവങ്ങളെ അദ്ദേഹം മുഖം നോക്കാതെ വിമർശിച്ചു. അദ്ദേഹം ഏറ്റവും ഒടുവിൽ എഴുതിയ പുസ്തകം ‘സംഗീതം നിഷിദ്ധമല്ല’ എന്ന പേരിലുള്ളതാണ്. ഏറെ വിവാദമായ ജിന്ന്, സിഹ്ർ വിവാദങ്ങളിലും ബഹുമതസ്ഥരുമായി സഹവർത്തനം തടയുന്ന തീവ്രതകൾക്കെതിരെയും വൈജ്ഞാനികമായ പ്രതിരോധം തീർക്കാൻ സലാം സുല്ലമി അന്ത്യനിമിഷം വരെ പൊരുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
