‘ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയുടെ കൂടെ കുറച്ച് നാള്‍ കഴിയണം...’; അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു
text_fieldsബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് വരുന്നത്. കർണാടക സർക്കാറിൽനിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
‘ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങൾ സർവശക്തനായ ദൈവത്തിന് സമർപ്പിക്കുന്നു’ -മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
‘ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ കൂടെ കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാൻ. ഞാനത് അഭിമുഖീകരിക്കാൻ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോൾ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു’ -മഅ്ദനി കൂട്ടിച്ചേർത്തു.
വൈകീട്ട് 6.20നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മഅ്ദനിയും സംഘവും ഏഴോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ഭാര്യ സൂഫിയ മഅദ്നി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് അദ്ദേഹത്തെ യാത്രയിൽ അനുഗമിക്കുന്നത്.
നെടുമ്പാശ്ശേരിയിൽനിന്ന് ആംബുലൻസ് മാർഗം രാത്രിയോടെ ശാസ്താംകോട്ടയിലെ കുടുംബവീട്ടിൽ എത്തി പിതാവിനെ സന്ദർശിക്കും. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

