അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ; അടുത്ത വർഷം പകുതിയോടെ ജയിൽമോചനം
text_fieldsറിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ. തിങ്കളാഴ്ചയിലെ സിറ്റിങ്ങിൽ റിയാദ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പബ്ലിക് റൈറ്റ്സ് പ്രകാരമാണ് തടവുശിക്ഷ.
പ്രൈവറ്റ് റൈറ്റ്സ് പ്രകാരം നേരത്തേ വിധിച്ച വധശിക്ഷ വാദിഭാഗം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. നിലവിൽ റഹീം 19 വർഷത്തോളമായി ജയിലിലാണ്. ഈ കാലയളവ് തടവുശിക്ഷയിൽ കുറവ് ചെയ്യുമെന്നതിനാൽ ബാക്കിയുള്ള ഒരു വർഷംകൂടി അനുഭവിച്ചാൽ മതിയാകും. അടുത്ത വർഷം പകുതിയോടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ് ക്രിമിനൽ കോടതിയിൽ തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ച സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ഒറിജിനൽ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് പറഞ്ഞാണ് കോടതി അന്ന് കേസ് മാറ്റിവെച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനുള്ള സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 2012ൽ വധശിക്ഷ വിധിക്കുന്നത്. വാദിഭാഗം ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) റിയാദ് സഹായസമിതിയും കോഴിക്കോട്ടെ റഹീം സഹായസമിതിയും ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച് നൽകിയതിനെ തുടർന്ന് 2024 ജൂലൈ രണ്ടിന് വധശിക്ഷ ഒഴിവാക്കി.
എന്നാൽ, പബ്ലിക് റൈറ്റ്സ് പ്രകാരം ബാക്കിനിന്ന കേസിൽ വിധി വരാൻ വൈകി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഈ ആവശ്യത്തിനായി കോടതിയിൽ 13 സിറ്റിങ് നടന്നു. അതിൽ ഒടുവിലത്തേതിലാണ് തടവുശിക്ഷ എന്ന തീരുമാനത്തോടെ തീർപ്പായിരിക്കുന്നത്. 25ാം വയസ്സിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയ അബ്ദുൽ റഹീം സൗദി ബാലന്റെ മരണത്തെ തുടർന്ന് 2006 ഡിസംബർ 24നാണ് ജയിലിലാവുന്നത്.
കൃത്യമായ കണക്ക് നോക്കുമ്പോൾ ആകെ തടവുകാലം 18 വർഷവും ആറുമാസവും പൂർത്തിയായി. ഇതനുസരിച്ചാണെങ്കിൽ അടുത്ത വർഷം ഡിസംബർ 24നേ 20 വർഷം പൂർത്തിയാവുകയൂള്ളൂ. എന്നാൽ, ഹിജ്റ വർഷമാണ് കോടതി പരിഗണിക്കുന്നതെങ്കിൽ അടുത്ത വർഷം ദുൽഹജ്ജ് മൂന്നിന് അതായത്, മേയ് 26ന് 20 വർഷം പൂർത്തിയാവും. അന്നത്തോടെ ജയിൽമോചനം സാധ്യമാകും എന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

