മഅ്ദനി അൻവാർശ്ശേരിയിലെത്തി; ആവേശകരമായ വരവേൽപ്പ്
text_fieldsഅൻവാർശ്ശേരിയിൽ എത്തിയ മദനിയെ പി.ഡി.പി പ്രവർത്തക സ്വീകരിക്കുന്നു
തിരുവനന്തപുരം: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായി വർഷങ്ങൾ ജയിലിലും വീട്ടുതടങ്കലിലും കഴിഞ്ഞശേഷം സ്ഥിര ജാമ്യത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലെത്തി. ബംഗളൂരുവിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയ മഅ്ദനിയെ പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ ചേർന്ന് സ്വീകരിച്ചു.
ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുകയായിരുന്ന മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലെത്താനായത്. വ്യാഴാഴ്ച രാവിലെ 11.40ന് ബംഗളൂരുവിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട മഅ്ദനി ഉച്ചക്ക് 12.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
വൈദ്യപരിശോധനക്കുശേഷമാണ് മഅ്ദനി വിമാനത്താവളത്തിൽനിന്ന് അൻവാർശേരിയിലേക്ക് ആംബുലൻസ് മാർഗം പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, സിദ്ദീഖ്, സഹായികളായ ഹസൻ, മുബഷിർ തുടങ്ങിയവർ അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചു. വിമാനത്താവളത്തിൽ പി.ഡി.പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസർ, വർക്കല രാജ്, വി.എം. അലിയാർ, മുഹമ്മദ് ബിലാൽ, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, അജിത്കുമാർ ആസാദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മഅ്ദനിയുടെ തുടർചികിത്സകൾ പിന്നീട് തീരുമാനിക്കും. അതുവരെ അൻവാർശേരിയിലാണ് താമസിക്കുക. ഏപ്രിൽ 17ന് നാട്ടിലെത്താൻ 82 ദിവസത്തേക്ക് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചിരുന്നു. എന്നാൽ, മഅ്ദനിയെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർക്കായി ലക്ഷങ്ങൾ കെട്ടിവെക്കണമെന്ന് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ നിബന്ധന വെച്ചു.
ഈ നിബന്ധനകൾ സുപ്രീംകോടതി ഇപ്പോൾ ഒഴിവാക്കി. വ്യവസ്ഥകളിൽ ഇളവ് വരുത്താനുള്ള മഅ്ദനിയുടെ ആവശ്യം കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ അഭിഭാഷകർ കാര്യമായി എതിർത്തില്ല. തുടർന്നാണ് നാട്ടിലെത്താൻ മഅ്ദനിക്ക് സാഹചര്യമൊരുങ്ങിയത്. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ പിതാവിനെ സന്ദർശിക്കാനുള്ള ആഗ്രഹത്താൽ വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിയ മഅ്ദനിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയ മഅ്ദനി ജാമ്യഇളവ് സമയം പൂർത്തിയായതോടെ പിതാവിനെ കാണാനാകാതെ ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

